തിരുവനന്തപുരം- മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ സർക്കാരിനെതിരായ ആക്രമണം കടുപ്പിക്കാനുറച്ച് പി.വി അൻവർ എം.എൽ.എ. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നിലമ്പൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ച അൻവർ പറയാനുള്ളതെല്ലാം അവിടെ പറയുമെന്നും വ്യക്തമാക്കി. ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അൻവറിനെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയ മുഖ്യമന്ത്രി അൻവർ നേരത്തെ ഉയരത്തിയ ചോദ്യങ്ങൾക്കെല്ലാം മറുപടിയും നൽകി. അൻവറിന്റേത് ഇടതുപക്ഷത്തിന്റെ രീതിയല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റേത് കോൺഗ്രസ് പാരമ്പര്യമാണെന്ന മുന്നറിയിപ്പും നൽകി. അൻവർ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഇന്ന് മുഖ്യമന്ത്രി നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയെ തള്ളിപ്പറയാതെ രംഗത്തെത്തിയ അൻവറിന് സി.പി.എം കേന്ദ്രങ്ങളിൽനിന്നടക്കം വൻ പിന്തുണയാണ് ലഭിച്ചിരുന്നത്. ഇതേവരെ നടത്തിയ പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും അൻവർ മുഖ്യമന്ത്രിക്കെതിരെ ഒരു പരാമർശവും നടത്തിയിരുന്നില്ല. അതേസമയം, മുഖ്യമന്ത്രിയെ ചിലർ പറ്റിക്കുകയാണെന്നും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് ഇതിന് പിന്നിലെന്നുമായിരുന്നു അൻവറിന്റെ ആരോപണങ്ങളുടെ കാതൽ. മുഖ്യമന്ത്രി തനിക്ക് പിതാവിനെ പോലെയാണെന്നും അദ്ദേഹത്തിന്റെ ഭാവി അടക്കം പ്രശ്നത്തിലാണെന്നും അൻവർ പറയുകയും ചെയ്തു. എന്നാൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അതിരൂക്ഷമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
ആരോപണം ഉയർത്തി കേരളത്തിൽ ഇനി സ്വർണ്ണക്കടത്ത് പിടികൂടേണ്ടതില്ല എന്ന രീതി അനുവദിക്കാനാകില്ല എന്ന മുഖ്യമന്ത്രിയുടെ മറുപടി അൻവറിനെ സംശയമുനയിൽ നിർത്തുന്നതായി. സ്വർണ്ണ കള്ളക്കടത്തുകാരുടെ പക്ഷം പിടിച്ച് പോലീസുകാരെ നിർവീര്യമാക്കി സ്വർണ്ണക്കടത്തുകാരെ രക്ഷിച്ചെടുക്കാമെന്ന് ആരും കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി കടന്നുപറയുകയും ചെയ്തു. സാധാരണഗതിയിൽ ഇടതുപക്ഷത്തുള്ള ഒരാൾ സ്വീകരിക്കുന്ന നിലപാടല്ല അൻവറിന്റേതെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുണ്ട്.
പി.ശശിക്കെതിരായ അൻവറിന്റെ ആരോപണവും മുഖ്യമന്ത്രി മുഖവിലക്കെടുത്തില്ല. ശശിക്കെതിരായ ആരോപണത്തിൽ ഒരു പരിശോധനയും ആവശ്യമില്ലെന്നും അദ്ദേഹത്തിന് എതിരായ പരാതികൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും പറഞ്ഞ മുഖ്യമന്ത്രി നിയമവിരുദ്ധമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ ആരായാലും അംഗീകരിക്കാൻ ആകില്ലെന്ന മറുപടി നൽകിയതും അൻവറിന് തിരിച്ചടിയാണ്. അൻവർ നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടിയും നൽകാതെ അൻവറിനെ സംശയമുനയിലേക്ക് മാറ്റുകയും ചെയ്തു.
ആരെങ്കിലും ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരിൽ ആരെയും ഒരു സ്ഥലത്തുനിന്നും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
അൻവർ പത്രസമ്മേളനം ആദ്യം വിളിച്ച സമയത്ത് തന്നെ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. കൂടുതൽ പറയാതെ എന്റെ അടുത്ത് വരികയാണ് വേണ്ടതെന്ന് അറിയിച്ചെങ്കിലും മൂന്നു ദിവസവും അദ്ദേഹം പത്രസമ്മേളനം നടത്തുകയാണ് ചെയ്തത്. പിന്നീടാണ് എന്നെ സമീപിച്ചത്. ആകെ അഞ്ചു മിനിറ്റാണ് ഞാനുമായി സംസാരിച്ചത്. അരമണിക്കൂർ സംസാരിച്ചുവെന്നത് തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നിലമ്പൂരിൽ പത്രസമ്മേളനം വിളിച്ച് ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുമെന്ന് അൻവർ വ്യക്തമാക്കി.