ജിദ്ദ – കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അക്കൗണ്ടില്‍ കാര്യമായ ബാലന്‍സില്ലാതിരുന്ന സൗദി യുവാവ് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ അക്കൗണ്ടില്‍ 30 ലക്ഷത്തിലേറെ റിയാല്‍ ആരോ ഡെപ്പോസിറ്റ് ചെയ്തതായി അറിഞ്ഞ് അമ്പരപ്പില്‍. ആരാണ് ഡെപ്പോസിറ്റ് ചെയ്തതെന്നോ എങ്ങിനെയാണ് ഇത്രയും ഭീമമായ തുക തന്റെ അക്കൗണ്ടില്‍ എത്തിയതെന്നോ യുവാവിന് അറിയില്ല.
രണ്ടു തവണയായാണ് 30 ലക്ഷത്തിലേറെ റിയാല്‍ യുവാവിന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ആദ്യ തവണ 13 ലക്ഷം റിയാലും രണ്ടാം തവണ 17.7 ലക്ഷത്തിലേറെ റിയാലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. രാവിലെ മൊബൈല്‍ ഫോണ്‍ തുറന്നപ്പോഴാണ് വന്‍തുകയുടെ ഡെപ്പോസിറ്റുകള്‍ നടത്തിയത് അറിയിച്ചുള്ള എസ്.എം.എസ്സുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ സംശയനിവാരണത്തിന് ബാങ്ക് ആപ്പ് വഴി അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡെപ്പോസിറ്റ് നടത്തിയ കൃത്യമായ തുകയും സമയവുമെല്ലാം രേഖപ്പെടുത്തിയതായും ആകെ ബാലന്‍സില്‍ ഈ ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടുത്തിയതായും വ്യക്തമായി.
ബാങ്കിനെ നേരിട്ട് സമീപിച്ച് കൃത്യത വരുത്തുന്നതു വരെ അക്കൗണ്ട് മരവിപ്പിക്കുകയോ പരീക്ഷണമെന്നോണം പത്തു ലക്ഷം റിയാല്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നോക്കാനോ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചെങ്കിലും അക്കൗണ്ട് ഉടമ കൂട്ടാക്കിയില്ല. 30 ലക്ഷത്തിലേറെ റിയാലിന്റെ ഡെപ്പോസിറ്റുകള്‍ അക്കൗണ്ടില്‍ നടത്തിയത് വ്യക്തമാക്കുന്ന ബാങ്ക് ആപ്പ് വിവരങ്ങള്‍ യുവാവ് പ്രദര്‍ശിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.