- സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കില്ല
റിയാദ് – വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള യാത്ര ശുഭാപ്തി വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് ഒമ്പതാമത് ശൂറാ കൗണ്‍സിലിന്റെ ഒന്നാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത്, രാജ്യത്തിന്റെ ആഭ്യന്തര, വിദേശ നയങ്ങള്‍ വ്യക്തമാക്കി നയപ്രഖ്യാപന പ്രസംഗം നിര്‍വഹിക്കുകയായിരുന്നു കിരീടാവകാശി. ഉറച്ച ചുവടുവെപ്പുകളോടെയും നിരന്തര പ്രവര്‍ത്തനങ്ങളിലൂടെയും വികസന പ്രയാണത്തില്‍ രാജ്യം ഏറെ മുന്നേറി. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ലക്ഷ്യങ്ങള്‍ കൈവരിച്ചതില്‍ അഭിമാനിക്കുന്നു. ആഗോള സൂചകങ്ങളിലും വര്‍ഗീകരണങ്ങളിലും രാജ്യം ഉയര്‍ന്ന ഗ്രേഡുകള്‍ നേടി.
ഈ മഹത്തായ യാത്രയില്‍ രാജ്യം നിരവധി അടിസ്ഥാന നേട്ടങ്ങള്‍ കൈവരിച്ചു. എണ്ണയിതര മേഖല ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളിതര മേഖലയുടെ സംഭാവന 50 ശതമാനമായി ഉയര്‍ന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. ഇത് വളര്‍ച്ചയുടെ സുസ്ഥിരതയും സമഗ്രതയും വര്‍ധിപ്പിക്കുകയും സാമ്പത്തിക വൈവിധ്യവല്‍ക്കരണം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അതിന്റെ പങ്ക് തുടരുന്നു. നിക്ഷേപത്തിനുള്ള ചാലകശക്തിയായി ഫണ്ട് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. 2017 ല്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു.
സ്വന്തം ഉടമസ്ഥതയില്‍ പാര്‍പ്പിടങ്ങളുള്ള സ്വദേശികളുടെ അനുപാതം 2017 ല്‍ 47 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 63 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ടൂറിസം മേഖലയില്‍ ചരിത്ര നേട്ടങ്ങള്‍ കൈവരിച്ചു. 2030 ല്‍ പത്തു കോടി ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് 2019 ല്‍ ദേശീയ ടൂറിസം തന്ത്രം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ ഈ ലക്ഷ്യം മറികടന്നു. 2023 ല്‍ ടൂറിസ്റ്റുകള്‍ 10.9 കോടിയായി ഉയര്‍ന്നു. പുനരുപയോഗ ഊര്‍ജ മേഖലയില്‍ ലോകത്ത് മുന്‍നിര സ്ഥാനം കൈവരിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചു. പ്രാദേശിക, അന്താരാഷ്ട്ര തലത്തില്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന രാജ്യമായി സൗദി അറേബ്യ മാറി. നേട്ടങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഫലമായി ലോകത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാജ്യത്തിനായി. വന്‍കിട കമ്പനികളുടെയും ആഗോള സെന്ററുകളുടെയും ആദ്യ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാക്കി ഇത് രാജ്യത്തെ മാറ്റി. 2030 എക്‌സ്‌പോ ആതിഥേയത്വത്തിന് സൗദി അറേബ്യയെ തെരഞ്ഞെടുക്കാന്‍ ഇത് സഹായിച്ചു. 2034 ലോകകപ്പ് സംഘടിപ്പിക്കാന്‍ രാജ്യം തയാറെടുത്തുവരികയാണ്.
ഫലസ്തീന്‍ പ്രശ്‌നത്തിന് ഏറ്റവും വലിയ പരിഗണനയാണ് രാജ്യം നല്‍കുന്നത്. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിക്കുന്ന മാര്‍ഗത്തില്‍ സൗദി അറേബ്യ അശ്രാന്ത പരിശ്രമം തുടരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കില്ല. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങള്‍ക്ക് നന്ദി പറയുകയാണ്. മറ്റു രാജ്യങ്ങളും സമാന ചുവടുവെപ്പുകള്‍ നടത്തണം.
യെമന്‍, സുഡാന്‍, ലിബിയ അടക്കമുള്ള രാജ്യങ്ങളിലെ പ്രതിസന്ധികള്‍ക്കും റഷ്യ, ഉക്രൈന്‍ പ്രതിസന്ധി പോലുള്ള അന്താരാഷ്ട്ര പ്രതിസന്ധികള്‍ക്കും രാഷ്ട്രീയ പരിഹാരങ്ങള്‍ കാണാന്‍ ശ്രമങ്ങള്‍ നടത്തി പ്രാദേശിക, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തമാക്കാന്‍ സൗദി അറേബ്യ ശ്രമം തുടരുന്നതായും കിരീടാവകാശി പറഞ്ഞു.