ജിദ്ദ: റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പ്രവാചക ജന്മദിനത്തിന്റെ ആഘോഷമല്ല മറിച്ച് മാനവരാശിക്ക് മാർഗദർശിയായ ഒരു അതുല്യ പ്രവാചകന്റെ അമാനുഷിക ജീവിതം അവസാനിച്ച ദുഃഖാർത്ഥമായ ദിവസമായിരുന്നു എന്ന് വേണം വിശ്വാസികൾ മനസ്സിലാക്കേണ്ടതെന്ന് ശിഹാബ് സലഫി എടക്കര അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘റബീഉൽ അവ്വൽ 12 , വഹ്‌യ് നിലച്ച ദിനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
23 വർഷത്തെ ആദർശ ജീവിതത്തിലൂടെ മാനവന് ആവശ്യമായ എല്ലാ നിയമനിർദ്ദേശങ്ങളും നൽകിക്കൊണ്ട് ഏറ്റവും ഉദാത്തമായ ജീവിത ശൈലി തെരഞ്ഞെടുക്കുവാൻ സൗകര്യമൊരുക്കുകയും തികച്ചും അപരിഷ്കൃതരായ അറേബ്യൻ സമൂഹത്തെ ലോകം ഉറ്റുനോക്കുന്ന പരിഷ്കൃത സമൂഹമാക്കി വാർത്തെടുത്ത് മാതൃക സൃഷ്ടിക്കാനും ആ മഹാ പ്രവാചകന് സാധിച്ചത് ദൈവിക ബോധനത്തിലൂടെ (വഹ്‌യ്) ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലായിരുന്നു.
പ്രവാചകനായി നിയോഗിക്കപ്പെടുമ്പോൾ സമൂഹത്തിൽ നിലനിൽക്കുന്നതും വ്യക്തിജീവിതത്തിൽ സംഭവിക്കുന്നതുമായ ഒട്ടനവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും കുറ്റമറ്റതായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും നിയമങ്ങൾ നിർമ്മിക്കുന്നതിനും അവിടുത്തേക്ക് സഹായകമായത് ജഗദീശ്വരനിൽനിന്നുമുള്ള ദിവ്യ ബോധനമായിരുന്നു.ഒരു പ്രവാചകന്റെ ഏറ്റവും വലിയ കരുത്ത് എന്ന് പറയുന്നത് തൻറെ സ്രഷ്ടാവിൽ നിന്നും തനിക്ക് ലഭിക്കുന്ന ദിവ്യബോധനം തന്നെയാണ്.പ്രവാചക കാലഘട്ടത്തിലെ ഒട്ടനവധി സങ്കീർണമായ പ്രശ്നങ്ങൾക്കും നിർണായകമായ സന്ദർഭങ്ങൾക്കും ഏറ്റവും സമാധാനപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിൽ വഹ്‌യ് വഹിച്ച പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
മുഹമ്മദ് നബി(സ) കാലയവനികക്കുള്ളിൽ മറഞ്ഞതോടുകൂടി സ്രഷ്ടാവിൽ നിന്നുമുള്ള വഹ്‌യ് നിലച്ചു. വഹ്‌യ് നിലക്കുന്നതോടുകൂടി പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉയർന്നുവരുന്ന പുതിയ പ്രശ്നങ്ങൾക്കും സങ്കീർണതകൾക്കും വിശുദ്ധ ഖുർആനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കണ്ടെത്തുകയെ ന്നതല്ലാതെ വേറെ മാർഗ്ഗമില്ല.വഹ്‌യ് ഉണ്ടായിരുന്നെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും വളരെ കൃത്യവും ഉചിതവുമായ തീരുമാനങ്ങൾ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നു എന്നത് വിശ്വാസികൾ ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്.ആ അനുഗ്രഹത്തിന് തിരശ്ശീല വീഴുന്നു എന്നതാണ് വഹ്‌യ് നിലച്ചു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ ഖേദകരമാണ്. അതുകൊണ്ടുതന്നെയാണ് റബീഉൽ അവ്വൽ 12 ഓരോ വിശ്വാസിക്കും പ്രവാചക വിയോഗത്തിന്റെ വേദന സമ്മാനിക്കുന്നതെന്നദ്ദേഹം പറഞ്ഞു.
മതം അനുശാസിക്കാത്ത ആഘോഷങ്ങൾക്കു പിറകെ പോയി സമയം പാഴാക്കുന്നതിന് പകരം പ്രവാചക അധ്യാപനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അവിടുത്തെ ചര്യകളെ ജീവിതത്തിൻറെ ഭാഗമാക്കാൻ ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടതാണെന്നദ്ദേഹം സദസിനെ ഉണർത്തി.
അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.