ബെയ്റൂത്ത് – ഹിസ്ബുല്ല പോരാളികളും അംഗങ്ങളും രഹസ്യ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 4,000 കവിഞ്ഞതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ 400 പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനങ്ങളില്‍ 500 ഹിസ്ബുല്ല പ്രവര്‍ത്തകരുടെ കണ്ണുകള്‍ നഷ്ടപ്പെട്ടതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പേജര്‍ പൊട്ടിത്തെറിയുടെ ഫലമായി പരിക്കേറ്റവരുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്തവിധം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹിസ്ബുല്ല വൃത്തങ്ങള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണങ്ങള്‍ അജ്ഞാതമാണ്. ഹിസ്ബുല്ല എം.പി ഹസന്‍ ഫദ്‌ലുല്ലയുടെ മകന് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ വിപുലമായ സുരക്ഷാ, ശാസ്ത്രീയ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്നും ഹിസ്ബുല്ല വൃത്തങ്ങള്‍ പറഞ്ഞു. പേജര്‍ സ്‌ഫോടനത്തില്‍ സിറിയയില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, തായ്‌വാന്‍ നിര്‍മിത പേജറുകള്‍ ഹിസ്ബുല്ലയുടെ കൈകളില്‍ എത്തുന്നതിനു മുമ്പായി നിയന്ത്രണത്തിലാക്കാന്‍ ഇസ്രായിലി ചാരസംഘടനയായ മൊസാദിന് സാധിച്ചതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പേജര്‍ ബാറ്ററികളില്‍ അതിസ്‌ഫോടന ശേഷിയുള്ള പി.ഇ.ടി.എന്‍ പദാര്‍ഥം മൊസാദ് സ്ഥാപിച്ചു. ബാറ്ററിയുടെ താപനില ഉയര്‍ത്തി പിന്നീട് ഇവയില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. റിമോട്ട് രീതിയില്‍ മെസ്സേജ് അയച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് സ്‌ഫോടക വസ്തുക്കള്‍ പേജറുകളുടെ ബാറ്ററിക്കു സമീപം മൊസാദ് ഒളിപ്പിക്കുകയായിരുന്നെന്ന കാര്യം ഉറപ്പാണെന്ന് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധന്‍ ചാള്‍സ് ലിസ്റ്റര്‍ എക്‌സില്‍ കുറിച്ചു. ഹിസ്ബുല്ലയുടെ കൈകളില്‍ എത്തുന്നതിനു മുമ്പായി പേജറുകളുടെ വിതരണ ശൃംഖലയില്‍ മൊസാദ് നുഴഞ്ഞുകയറി എന്നാണ് ഇതിനര്‍ഥമെന്നും ചാള്‍സ് ലിസ്റ്റര്‍ പറഞ്ഞു.
ലെബനോനില്‍ എത്തുന്നതിനു മുമ്പായി പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായും ഒന്നു മുതല്‍ രണ്ട് ഔണ്‍സ് വരെ ഭാരമുള്ള സ്‌ഫോടക വസ്തുവാണ് ഓരോ പേജറുകളിലും സ്ഥാപിച്ചതെന്നും അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം വൈകീട്ട് മൂന്നരയോടെയാണ് പേജര്‍ ഉപയോഗിച്ചുള്ള ആക്രമണം ആരംഭിച്ചത്. ഹിസ്ബുല്ല നേതാക്കളില്‍ നിന്നുള്ളതെന്ന പോലെ തോന്നിക്കുന്ന സന്ദേശം പേജറുകളില്‍ എത്തുകയായിരുന്നു. ഈ സന്ദേശം പേജറുകളിലെ സ്‌ഫോടക വസ്തുവിനെ ചൂടാക്കുകയായിരുന്നു. റിമോട്ട് രീതിയില്‍ സ്‌ഫോടനം നടത്തുന്നതിന് പ്രവര്‍ത്തനക്ഷമമാക്കാവുന്ന സ്വിച്ചുകളോടെ സ്‌ഫോടക വസ്തുക്കള്‍ പേജറിലെ ബാറ്ററിക്കു സമീപമാണ് സ്ഥാപിച്ചിരുന്നത്.
പോരാളികള്‍ക്കും അംഗങ്ങള്‍ക്കുമിടയില്‍ വിതരണം ചെയ്യാന്‍ തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്ന് 3,000 പേജറുകളാണ് ഹിസ്ബുല്ല ഏറ്റവുമൊടുവില്‍ വാങ്ങിയത്. ഇവയിലാണ് ഇസ്രായില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചതെന്നും അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണെന്നും ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്നും ഹിസ്ബുല്ല പറഞ്ഞു.
പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് തിരിച്ചടി നല്‍രുമെന്ന് ഹിസ്ബുല്ല ഭീഷണി മുഴക്കിയതോടെ പ്രധാന വിമാന കമ്പനികള്‍ ഇസ്രായിലിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പാരീസ്-ടെല്‍അവീവ് സര്‍വീസ് എയര്‍ ഫ്രാന്‍സ് 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ടെല്‍അവീവിലേക്കും ടെഹ്‌റാനിലേക്കുമുള്ള മുഴുവന്‍ സര്‍വീസുകളും സെപ്റ്റംബര്‍ 19 വരെ നിര്‍ത്തിവെച്ചതായി ലുഫ്താന്‍സ ഗ്രൂപ്പ് അറിയിച്ചു. സ്വിസ്സ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സും ബ്രസ്സല്‍സ് എയര്‍ലൈന്‍സും ഇസ്രായിലേക്കുള്ള സര്‍വീസുകള്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.
പരിക്കേറ്റ പലരുടെയും ഇരുകൈകളും കണ്ണുകളും നഷ്ടമായി
ലെബനോണിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ പലർക്കും രണ്ടു കയ്യും ഇരുകണ്ണുകളും നഷ്ടപ്പെട്ടതായി റിപ്പോർട്ട്. പേജർ ഇലക്ട്രോണിക് സർക്യൂട്ടിനുള്ളിലെ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത് എന്നാണ് സൈനിക, രാഷ്ട്രീയ വിശകലന വിദഗ്ധനായ എലിജ മാഗ്നിയർ വിശദീകരിക്കുന്നത്.
പേജറുകൾ നേരിട്ട് ലെബനോണിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യുന്നവയല്ല എന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം ഉപകരണങ്ങൾ സ്വീകരിക്കുന്നത് ലെബനോണിൽ നിരോധിച്ചിട്ടുണ്ട്. മൂന്നു മാസത്തോളം അടുത്തുള്ള തുറമുഖത്ത് നിർത്തിയ ശേഷമാണ് ഇവ ലെബനോണിൽ എത്തുന്നത്. ഹിസ്ബുള്ള പറയുന്നത് പ്രകാരം, അത്യധികം സ്ഫോടനാത്മകമായ സ്ഫോടകവസ്തു പേജറുകളിൽ സ്ഥാപിക്കാൻ ഇസ്രായേലികൾക്ക് ഈ സമയം മതിയായിരുന്നു.
പേജറുകളിലേക്ക് തെറ്റായ സന്ദേശം അയച്ചാണ് സ്ഫോടനത്തിന് തയ്യാറെടുപ്പ് നടത്തിയതെന്ന് മാഗ്നിയർ വിശദീകരിക്കുന്നു. പേജർ ഉടമകൾക്ക് ലഭിച്ച തെറ്റായ സന്ദേശം ആളുകൾ വീണ്ടും വീണ്ടും പരിശോധിച്ചപ്പോൾ പേജറുകൾ വൈബ്രേറ്റ് ചെയ്യുകയും പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് മുന്നൂറിലേറെ പേർക്ക് ഇരുകൈകളും നഷ്ടമായത്. മറ്റു പലർക്കും ഒരു കണ്ണോ രണ്ടു കണ്ണുകളോ നഷ്ടമാകുകയും ചെയ്തു. 150 പേർക്ക് വയറിൻ്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. പൊട്ടിത്തെറിക്കാത്ത പേജറുകൾ പരിശോധിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ നിഗമനത്തിൽ എത്തിച്ചേരാനായതെന്നും മാഗ്നിയർ പറഞ്ഞു.
അതേസമയം, ലെബനോണിലും സിറിയയിലും പൊട്ടിത്തെറിച്ച പേജറുകൾ തങ്ങളുടെ കമ്പനി നിർമ്മിച്ചിട്ടില്ലെന്ന് തായ്‌വാനിലെ ഗോൾഡ് അപ്പോളോ പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനിയുടെ സ്ഥാപകൻ ഹ്സു ചിംഗ്-കുവാങ് ആണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തായ്‌വാൻ കമ്പനിയുടെ ബ്രാൻഡ് ഉപയോഗിക്കാൻ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, പേജറുകൾ റേഡിയോ തരംഗങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഓപ്പറേറ്റർ റേഡിയോ ഫ്രീക്വൻസി വഴി അയക്കുന്ന സന്ദേശം സ്വീകർത്താവിൻ്റെ പേജറിലേക്ക് മാത്രമേ എത്തുകയുള്ളൂ. പേജറുകളിൽ ഉപയോഗിക്കുന്ന അടിസ്ഥാന സാങ്കേതികവിദ്യ നിരീക്ഷിക്കാൻ ബുദ്ധിമുട്ടാണ്. ഇത് ചലനാത്മകതയും സുരക്ഷയും പരമപ്രധാനമായ ഹിസ്ബുള്ള പോലുള്ള ഗ്രൂപ്പുകളിൽ ജനപ്രിയമാക്കുന്നു.
ഹിസ്ബുള്ളയ്ക്ക് ലഭിക്കുന്നതിന് മുമ്പ് ഇസ്രായേലി സൈന്യം പേജറുകളുടെ വിതരണ ശൃംഖലയിൽ എവിടെയെങ്കിലും വെച്ച് സ്ഫോടകവസ്തുക്കൾ നിറച്ചിരിക്കാമെന്ന് വാഷിംഗ്ടൺ തിങ്ക് ടാങ്കായ സെൻ്റർ ഫോർ സ്ട്രാറ്റജിക് ആന്റ് ഇൻ്റർനാഷണൽ സ്റ്റഡീസിലെ ഇൻ്റർനാഷണൽ സെക്യൂരിറ്റി പ്രോഗ്രാമിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ എമിലി ഹാർഡിംഗ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഫിസിക്കൽ സപ്ലൈ ചെയിൻ ആക്രമണമാണ് ഇതെന്ന് ദേശീയ സുരക്ഷാ തിങ്ക് ടാങ്കായ സിൽവറഡോ പോളിസി ആക്സിലറേറ്ററിൻ്റെ ചെയർമാൻ ദിമിത്രി അൽപെറോവിച്ച് പറഞ്ഞു.
സെൽഫോണുകൾ ഉപയോഗിക്കുന്നത് വഴി ഇസ്രായിലിന് തങ്ങളുടെ പോരാളികളെ നിരീക്ഷിക്കാനാകുമെന്നതിനാലാണ് ഹിസ്ബുള്ള പേജറുകൾ ഉപയോഗിക്കുന്നത്. സമീപ മാസങ്ങളിലാണ് പേജറുകളിലേക്ക് ഹിസ്ബുള്ള വ്യാപകമായി തിരിഞ്ഞത്. പേജറുകൾക്ക് ക്യാമറകളോ മൈക്രോഫോണുകളോ ഇല്ല. ഇത് മറ്റൊരു കക്ഷിക്ക് തങ്ങളെ നിരീക്ഷിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും ഹാർഡിംഗ് പറഞ്ഞു.
ഇസ്രായേലിന് ഇത്തരമൊരു ആക്രമണം നടത്താനാകുമോ
ഇസ്രായേലിൻ്റെ സൈബർ കഴിവുകൾ പ്രസിദ്ധമാണ്. ആയിരക്കണക്കിന് സൈനികർ അടങ്ങിയ ഐഡിഎഫിൻ്റെ യൂണിറ്റിന് ഇൻ്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിനും സൈന്യത്തിൻ്റെ ലക്ഷ്യങ്ങൾ നിരീക്ഷിക്കുന്നതിനുമുള്ള സാങ്കേതികവിദ്യ വികസിപ്പിപ്പിച്ചിട്ടുണ്ട്. ഈ യൂണിറ്റിൻ്റെ മുതിർന്ന സൈനികർ പലപ്പോഴും പ്രമുഖ സൈബർ സുരക്ഷാ കമ്പനികളിൽ ജോലിക്ക് പോകാറുണ്ട്. ഇതിന് പുറമെ സ്വന്തം സ്റ്റാർട്ടപ്പുകൾ തുടങ്ങുകയും ചെയ്യുന്നു. യുദ്ധസമയത്ത് ഗാസയിലെ ആളുകളുടെ നീക്കം നിരീക്ഷിക്കാൻ ഇസ്രായേൽ സെൽഫോൺ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇസ്രായേലിൻ്റെ സൈന്യവും ചാര ഏജൻസികളും ദശാബ്ദങ്ങളായി എതിരാളികളെ ദൂരെ നിന്ന് കൊലപ്പെടുത്തിയിട്ടുണ്ട്. ചില ആക്രമണങ്ങളിൽ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സ്വകാര്യ ഇസ്രായേലി കമ്പനികൾ അത്യാധുനിക സൈബർ സുരക്ഷയും നിരീക്ഷണ സോഫ്റ്റ്‌വെയറും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. 2021-ൽ ദ പോസ്റ്റും 16 മാധ്യമ പങ്കാളികളും നടത്തിയ അന്വേഷണത്തിൽ, ഇസ്രായേലി സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് മറ്റ് സർക്കാരുകൾക്ക് മിലിട്ടറി ഗ്രേഡ് സ്പൈവെയർ വിറ്റതായി കണ്ടെത്തി, അത് മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഉപയോഗിക്കുന്ന സെൽഫോണുകളിൽ നുഴഞ്ഞുകയറാൻ സഹായിച്ചു.