തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ ഫൈനിലെത്തിയ ആദ്യ ടീമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. സെമിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് തകര്‍ത്താണ് കാലിക്കറ്റ് കലാശക്കൊട്ടിന് യോഗ്യത നേടിയത്. 174 റണ്‍സിലേക്ക് കുതിച്ച ട്രിവാന്‍ഡ്രം റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
റിയാ ബഷീറും (69) ഗോവിന്ദ് പൈയും (68) അര്‍ദ്ധസെഞ്ചുറികളുമായി ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടി പൊരുതിയെങ്കിലും ലക്ഷ്യം എത്തിപിടിക്കാനായില്ല. 40 ബോളില്‍ അഞ്ചു സിക്സറും മൂന്നു ഫോറുമുള്‍പ്പെട്ടതാണ് റിയാ ബഷീറിന്റെ ഇന്നിങ്സ്. ഗോവിന്ദ് 54 ബോളില്‍ നാലു സിക്സറും മൂന്നു ഫോറുമടിച്ചു. റോയല്‍സിന്റെ ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം തികയ്ക്കാന്‍ സാധിച്ചില്ല.നാലു വിക്കറ്റുകളെടുത്ത അഖില്‍ സ്‌കറിയയും രണ്ടു വിക്കറ്റുകള്‍ പിഴുത എം നിഖിലും ചേര്‍ന്നാണ് റോയല്‍സിനെ പിടിച്ചുകെട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 173 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹന്‍ കുന്നുമ്മല്‍ 64 റണ്‍സുമായി ടീമിന്റെ ടോപ്സ്‌കോററായി മാറി. 34 ബോളുകള്‍ നേരിട്ട രോഹന്റെ ഇന്നിങ്സില്‍ ആറു സിക്സറും മൂന്നു ഫോറുമുള്‍പ്പെട്ടിരുന്നു. അഖില്‍ സ്‌കറിയയാണ് കാലിക്കറ്റിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 43 ബോളുകള്‍ നേരിട്ട താരം മൂന്നു വീതം ഫോറും സിക്സറുമടിച്ചു. സല്‍മാന്‍ നിസാര്‍ 16 ബോളില്‍ നിന്നും 23 റണ്‍സെടുത്തു.