- ആദ്യം പിൻഗാമിയെ തീരുമാനിക്കാൻ കെജ്രിവാളിനെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം, ശേഷം കെജ്രിവാളിന്റെ പ്രഖ്യാപനം; അതിഷിക്കായി കൈയടിച്ച് യോഗം
ന്യൂഡൽഹി: തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനോട് നന്ദി പറഞ്ഞ് നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. കെജ്രിവാളിന്റെ രാജി അറിഞ്ഞ് ജനങ്ങൾ കരയുകയാണെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ദുഃഖമുണ്ട്. ഡൽഹിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി, തന്റെ ജ്യേഷ്ഠ സഹോദരൻ കെജ്രിവാൾ ഇന്ന് രാജി നൽകുകയാണ്. ഇത് ലോക ചരിത്രത്തിൽ ഒരു നേതാവും ചെയ്യാത്ത കാര്യമാണ്. ജനങ്ങൾക്കു വേണ്ടി, രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ത്യാഗത്തിന്റെ ഉദാഹരണം ഉണ്ടാകില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് ബി.ജെ.പിയോട് അതീവ രോഷമാണുള്ളതെന്നും ഇനിയും കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാനാകും പ്രവർത്തിക്കുകയെന്നും ആം ആദ്മി പാർട്ടിയിലല്ലാതെ മറ്റൊരു പാർട്ടിയിലും ഇത്തരമൊരു ത്യാഗം പ്രതീക്ഷിക്കാവതല്ലെന്നും അതിഷി വ്യക്തമാക്കി.
ഡൽഹി മദ്യനയക്കേസിൽ ആറുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് രണ്ടുദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജ്രിവാളിൽനിന്ന് ഉണ്ടായത്. തുടർന്ന് ഇന്ന് രാവിലെ ഡൽഹിയിൽ ചേർന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ ‘പിൻഗാമിയെ പ്രഖ്യാപിക്കാൻ കെജ്രിവാളിനെ ചുമതലപ്പെടുത്തുന്നു’വെന്ന ഒറ്റവരി പ്രമേയം ദിലീപ് പാണ്ഡെ അവതരിപ്പിച്ചപ്പോൾ എല്ലാ എം.എൽ.എമാരും അതിനെ പിന്തുണക്കുകയായിരുന്നു. ശേഷം കൽക്കാജി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാർട്ടിക്ക് കരുത്തായ, ജനകീയ മുഖം കൂടിയായ മന്ത്രി അതിഷിയുടെ പേര് കെജ്രിവാൾ പ്രഖ്യാപിക്കുകയായിരുന്നു. അതോടെ, എല്ലാവരും കൈയടിച്ച് പ്രസ്തുത തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു. ഇതോടെ ബി.ജെ.പി-കോൺഗ്രസ് നേതാക്കളായ സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹിക്കു ലഭിക്കുന്ന മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാവുകയാണ് അതിഷി.
കെജ്രിവാളിന്റെ രാജിക്കു പിന്നാലെ, പിൻഗാമിയായി ഏറ്റവും കൂടുതൽ ഉയർന്ന പേര് അതിഷിയുടെതായിരുന്നു. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കഴിഞ്ഞാൽ എ.എ.പിയിലെ ഏറ്റവും ജനകീയതയും സ്വാധീനവുമുള്ള നേതാക്കളിൽ ഒരാളാണ് അതിഷി. മദ്യനയക്കേസിൽ കെജ്രിവാൾ ജയിലിലായപ്പോൾ അദ്ദേഹത്തിന്റെ വകുപ്പുകളുടെ അധിക ചുമതലകൂടി ഏറ്റെടുത്ത് അതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്.
ഡൽഹി സർവകലാശായിൽ അധ്യാപകരായിരുന്ന വിജയ് സിങ്ങിന്റെയും തൃപ്തവാഹിയുടെയും മകളായി 1981-ലാണ് അതിഷിയുടെ ജനനം. മിശ്രവിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി, അതിനു പകരം കമ്മ്യൂണിസ്റ്റ് ചിന്തകരായ മാർക്‌സിന്റേയും ലെനിന്റേയും പേരിനോടൊപ്പമുള്ള രണ്ടു അക്ഷരങ്ങൾ വീതം കുട്ടിച്ചേർത്ത് ‘മാർ-ലെന’ എന്ന് വിളിക്കുകയായിരുന്നു. അങ്ങനെയാണ് അതിഷി മാർലെന എന്നായത്.
2001-ൽ ഡൽഹി സെന്റ് സ്റ്റീഫൻ കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 2003-ൽ സ്‌കോളർഷിപ്പോടെ ഓക്‌സ്ഫഡിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. പിന്നീട് 2005-ലും ഓക്‌സ്ഫഡിൽ ഗവേഷകയായി. ഒരു വർഷത്തിനുശേഷം ആന്ധ്രയിലെ സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു. ശേഷം മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി അവർ സമയം കണ്ടെത്തി. ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ, വ്യത്യസ്ത എൻ.ജി.ഒകളുമായി ചേർന്ന് പ്രവർത്തിക്കുകയുമുണ്ടായി. പ്രശാന്ത് ഭൂഷണുമായുള്ള കണ്ടുമുട്ടലാണ് ആം ആദ്മി പാർട്ടിയിലേക്ക് എത്തിച്ചത്.
ആം ആദ്മി പാർട്ടിയുടെ അഴിമതിവിരുദ്ധ രാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള പ്രചാരണത്തിന് അതിഷി എതിരായിരുന്നു. അങ്ങനെയാണ് പാർട്ടിയിൽ മറ്റു ജനകീയ വിഷയങ്ങളും സജീവമായി ഉയർന്നു തുടങ്ങിയത്. 2013-ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി അവർ പാർട്ടിയിൽ ചേർന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിലും അവരെത്തി. 2013 മുതൽ പാർട്ടിയുടെ വക്താവായി അതിഷി മർലേന ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഏറ്റവും അവസാനം സ്ഥാനമൊഴിയുന്ന കെജ്രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരമാത്ത് അടക്കമുള്ള വകുപ്പുകളിൽമികച്ച കൈയൊപ്പു ചാർത്തിയാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് പുതിയ ചുവടുറപ്പിക്കാനിരിക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് വൈകീട്ടോടെ കെജ്രിവാൾ ഗവർണർ വി.കെ സക്‌സേനക്ക് രാജിക്കത്ത് കൈമാറുമെന്നാണ് വിവരം.