ജിദ്ദ – മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്നത് സൗദി അറേബ്യയാണെന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദി അറേബ്യയില്‍ നിന്നുള്ള യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോകുന്നത് ബഹ്‌റൈനിലേക്കാണ്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്നുള്ള യാത്രക്കാരില്‍ 24 ശതമാനം പേരും പോയത് ബഹ്‌റൈനിലേക്കാണ്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിലേക്ക് 12 ശതമാനം പേര്‍ പോയി. ഈജിപ്ത്, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഏറ്റവുമധികം സന്ദര്‍ശിച്ചത് സൗദി അറേബ്യയാണ്. കുവൈത്തില്‍ നിന്നുള്ള യാത്രക്കാരില്‍ 47 ശതമാനവും സന്ദര്‍ശിച്ചത് സൗദിയാണ്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിലേക്ക് 11 ശതമാനം പേര്‍ യാത്ര പോയി. തുര്‍ക്കി, ഈജിപ്ത്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ബഹ്‌റൈനില്‍ നിന്നുള്ള യാത്രക്കാര്‍ ഏറ്റവുമധികം സന്ദര്‍ശിച്ചത് സൗദി അറേബ്യയാണ്. യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ ഏറ്റവുമധികം സന്ദര്‍ശിച്ചത് യു.എ.ഇ ആണ്. ഒമാനില്‍ നിന്നുള്ള യാത്രക്കാരില്‍ 54 ശതമാനം പേര്‍ യു.എ.ഇ സന്ദര്‍ശിച്ചു. 17 ശതമാനം പേര്‍ സൗദി അറേബ്യയും സന്ദര്‍ശിച്ചു. തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഏറ്റവുമധികം സ്വീകരിച്ച മേഖലാ രാജ്യം സൗദി അറേബ്യയാണ്. മിഡില്‍ ഈസ്റ്റ് യാത്രക്കാരില്‍ 19 ശതമാനം പേര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കി 12 ശതമാനം പേരും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇ 11 ശതമാനം പേരും നാലാം സ്ഥാനത്തുള്ള ഈജിപ്ത് ഏഴു ശതമാനം പേരും അഞ്ചാം സ്ഥാനത്തുള്ള ബഹ്‌റൈന്‍ ആറു ശതമാനം പേരും സന്ദര്‍ശിച്ചു.
യു.എ.ഇ നിവാസികള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സന്ദര്‍ശച്ചത് സൗദി അറേബ്യയാണ്. യു.എ.ഇ യാത്രക്കാരില്‍ 27 ശതമാനം പേര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. രണ്ടാം സ്ഥാനത്തുള്ള ഒമാന്‍ 13 ശതമാനം പേരും മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടന്‍ 11 ശതമാനം പേരും നാലാം സ്ഥാനത്തുള്ള ഫ്രാന്‍സ് ആറു ശതമാനം പേരും അഞ്ചാം സ്ഥാനത്തുള്ള ഇറ്റലി നാലു ശതമാനം പേരും സന്ദര്‍ശിച്ചു.
ഈ വര്‍ഷം ട്രാവല്‍ ആന്റ് ടൂറിസം മേഖല ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 247.1 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 223.4 ബില്യണ്‍ ഡോളറായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ട്രാവല്‍ ആന്റ് ടൂറിസം മേഖല ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് നല്‍കുന്ന സംഭാവനയില്‍ 10.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2034 ല്‍ ഗള്‍ഫ് മൊത്ത ആഭ്യന്തരോല്‍പാദനത്തിലേക്ക് ട്രാവല്‍ ആന്റ് ടൂറിസം മേഖലാ സംഭാവന 371.2 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ മധ്യപൗരസ്ത്യദേശത്ത് നടത്തിയ ധനവിനിയോഗം 179.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ കൊല്ലം ഇത് 198 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലാ രാജ്യങ്ങളില്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ നടത്തുന്ന ധനവിനിയോഗത്തില്‍ ഈ വര്‍ഷം 10.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ റിപ്പോര്‍ട്ട് പറഞ്ഞു.