ഇന്ത്യയിലെവിടെയും ഏതെങ്കിലും ദുരന്തം സംഭവിച്ചാൽ അതുമായി ബന്ധപ്പെട്ട് പണം ചിലവഴിക്കുന്നത് പ്രധാനമായും മൂന്നു ഫണ്ടുകൾ ഉപയോഗിച്ചാണ്. ദേശീയ ദുരന്ത പ്രതികരണ നിധി (NDRF), (ഇവ സംസ്ഥാനങ്ങൾക്ക് കൈമാറി കഴിഞ്ഞാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF), പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയാണത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് എല്ലാ വർഷവും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഒരു വിഹിതം ലഭിക്കും. സംസ്ഥാന വിഹിതവും ചേർത്താണ് SDRF എന്ന് വിളിക്കുന്നത്. ഈ ഫണ്ടിന്റെ പ്രത്യേകത അതെ വർഷം തന്നെ ഉപയോഗിച്ച് തീർത്തില്ലേൽ ലാപ്സ് ആയി പോകുന്ന ഒരു ഫണ്ടല്ല ഇത് എന്നുള്ളതാണ്. എല്ലാ വർഷവും ദുരന്തമുണ്ടാകണം എന്നില്ലല്ലോ എന്നുള്ളതാവണം അതിന്റെ പിന്നിലെ ലോജിക്. അതായത് ഓരോ വർഷവും SDRF ലേക്ക് വരുന്ന കേന്ദ്ര-സംസ്ഥാന വിഹിതം ഉപയിഗിച്ചില്ലേൽ അവിടെ തന്നെ കിടന്നോളും. ആവശ്യം വരുമ്പോൾ ഉപയോഗിച്ചാൽ മതി.
ഇനി എങ്ങനെയാണ് ഇത് ഉപയോഗിക്കുക? ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാരിലെ മുതിർന്ന 5 വകുപ്പ് സെക്രട്ടറിമാർ കൂടി ചേർന്നുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് SDRF ന്റെ വിനിയോഗം. ആ വിനിയോഗത്തിന് തന്നെ ദേശീയ തലത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചു മാത്രമേ ഒരു രൂപ പോലും SDRF ൽ നിന്ന് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
ഇനി ആ മാനദണ്ഡങ്ങൾ എങ്ങനെയാണെന്ന് നോക്കാം.
ഒരു അംഗീകൃത ദുരന്തത്തിൽ മരണമടയുന്ന ഒരാളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയാണ് ധനസഹായമായി നൽകാൻ നിയമപ്രകാരം സാധിക്കുക.
പരിക്കേറ്റവർക്ക് പരിക്കിന്റെ ശതമാനക്കണക്ക് വെച്ച് സഹായം ലഭിക്കും. 60% മുകളിൽ പരിക്കേറ്റിട്ടുണ്ടെൽ 2.5 ലക്ഷം രൂപയും 40 മുതൽ 60% വരെ പരിക്ക് പറ്റിയവർക്ക് 74,000 രൂപയുമാണ് ലഭിക്കുക.
ദുരന്തത്തിൽ വസ്ത്രവും പാത്രങ്ങളും നഷ്ടമായി എന്ന് കരുതുക. ഒരു കുടുംബത്തിന് അടിയന്തര ആശ്വാസ സഹായമായി പരമാവധി 2500 രൂപ വസ്ത്രങ്ങൾക്കും 2500 രൂപ പാത്രങ്ങൾക്കുമായി നൽകാം.
എല്ലാം നഷ്ടമായിട്ടുണ്ടാവും ഒരുപക്ഷെ, എന്നാൽ മാനദണ്ഡപ്രകാരം ഇതാണ് നൽകാൻ സാധിക്കുക.
തൊഴിലിനോ മറ്റ് ഉപജീവന മാർഗങ്ങൾക്കോ സാധിക്കാത്തവർക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിന് സമാനമായ തുക കണക്കാക്കി 30 ദിവസം വരെയോ SEC സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ പരമാവധി 90 ദിവസം വരെയോ നൽകാനുള്ള പ്രൊവിഷൻ ഉണ്ട്. ഒരു കുടുംബത്തിൽ നിന്ന് പരമാവധി 2 പേർക്കാണ് ഇത് നൽകാൻ സാധിക്കുക. ഇതെല്ലാം മേപ്പാടി ദുരന്തത്തിൽ പെട്ടവർക്ക് നൽകിയത് ഇപ്പോൾ ഓർക്കാവുന്നതാണ്.
ഇനി കുറച്ചു മാനദണ്ഡങ്ങൾ കൂടി പറയാം.
ഒരു വീട് പൂർണമായി തകർന്നാൽ 1.3 ലക്ഷം രൂപ (ഒരു ലക്ഷത്തി മുപ്പത്തിനായിരം രൂപ) ആണ് SDRF ൽ നിന്ന് നൽകാൻ സാധിക്കുക. SDRF norms അനുസരിച്ചു ദുരന്തത്തിൽ തകർന്ന ഒരു സ്റ്റേറ്റ് ഹൈവേ പുനർനിർമ്മിക്കാൻ കിലോമീറ്റർ ഒന്നിന് 1 ലക്ഷം രൂപ വീതമാണ് ലഭിക്കുക. (മലയോര റോഡ് ആണേൽ 1.25 ലക്ഷം/km). പ്രാദേശിക റോഡ് ആണേൽ കിലോമീറ്ററിന് 60,000 രൂപ. കൃഷിനാശം, കന്നുകാലികൾക്ക് ഉണ്ടായ നാശം, കാലിത്തീറ്റ, ഫിഷറീസ് അങ്ങനെ തുടങ്ങി നിരവധി മേഖലകളിലെ നാശനഷ്ടങ്ങൾക്ക് ഇതുപോലെ മുൻകൂട്ടി തുക നിശ്ചയിച്ചു വെച്ചിട്ടുണ്ട്.
ഇനി ഇപ്പോഴുണ്ടായ ആശയക്കുഴപ്പത്തിന് കാരണക്കാരായ കുറച്ചു norms കൂടി പറയാം.
SDRF norms ൽ ചില കാര്യങ്ങൾക്ക് മുകളിൽ പറഞ്ഞ പോലെ മുൻകൂട്ടി തുക നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ മുൻകൂട്ടി specific limit നിശ്ചയിക്കാൻ കഴിയാത്ത ചെലവുകൾ ഉണ്ട്. അവ SDRF ൽ നിന്ന് അനുവദിക്കുക അതിന്റെ ‘actuals’ വെച്ചിട്ടാണ്. SDRF norms ൽ ചില കാര്യങ്ങളിൽ ആണ് ഇങ്ങനെ actuals ഉപയോഗിക്കാൻ എടുത്തെടുത്ത് പറയുന്നത്. മൊത്തം SDRF ന്റെ 25% കവിയരുത് എന്ന് മാത്രമേ ഇതിൽ ലിമിറ്റ് ആയി കണ്ടീഷൻ വെച്ചിട്ടുള്ളൂ. ഈ actuals ആണ് ഇപ്പൊ വില്ലനായിരിക്കുന്നത്.
ഇനി അതെന്തിനൊക്കെയാണെന്ന് നോക്കാം.
Cost of search and rescue – ദുരന്തത്തിൽ പെട്ടവരോ പെടാൻ സാധ്യതയുള്ളവരോ ആയ ആളുകളെ മാറ്റി പാർപ്പിക്കൽ, തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്ക് എത്ര തുകയാണോ ചെലവാകുന്നത് അത് മുഴുവൻ SDRF ൽ നിന്ന് claim ചെയ്യാം. ഇവിടെ ആണ് actuals വരുന്നത്. ഇതിനായി വാടകക്ക് എടുക്കുന്നതോ ഉപയോഗിക്കുന്നതോ ആയ ഉപകരണങ്ങൾ, മണ്ണുമാന്തികൾ മുതൽ റഡാർ വരെയുള്ളവക്കുള്ള ചെലവ് ‘actual’ എത്രയാണോ അത് SDRF ൽ നിന്ന് വിനിയോഗിക്കാം.
ക്യാമ്പ് നടത്തുന്നതിനും ക്യാമ്പിൽ ഭക്ഷണം, വസ്ത്രം , വൈദ്യസഹായം തുടങ്ങിയവ ലഭ്യമാക്കുന്നതിനും എത്രയാണോ ചെലവാക്കുന്നത് അത് SDRF ൽ നിന്ന് ലഭ്യമാക്കാം. ക്യാമ്പുകൾ 30 ദിവസത്തേക്ക് നിജപ്പെടുത്തണമെന്ന് നിർദേശിക്കുന്നുണ്ടെങ്കിലും SEC ക്ക് അത് 90 ദിവസം വരെയോ അതിൽ കൂടുതൽ ആവശ്യമാണെങ്കിൽ അത് വരെയോ നീട്ടാൻ അധികാരം നൽകിയിട്ടുണ്ട്. അവശ്യവസ്തുക്കൾ ഹെലികോപ്റ്ററുകളിലും മറ്റും മാറ്റേണ്ടി വന്നാൽ അതിന് ചെലവാകുന്ന തുക എത്രയാണോ അതിന്റെ തുക എസ്.ഡി.ആർ.എഫ് അനുവദിക്കുന്നുണ്ട്.
കുടിവെള്ളത്തിന് ചെലവായ തുകയും എത്രയാണോ അതിന്റെ യഥാർത്ഥ തുകയും എസ്.ഡി.ആർ.എഫ് വഴി നൽകാം.
അതായത് ചില കാര്യങ്ങൾക്ക് മുൻകൂട്ടി ഒരു നിശ്ചിത തുക SDRF norms ൽ നിശ്ചയിക്കപ്പെടുകയും എന്നാൽ ഇത്തരത്തിൽ മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾക്ക് യഥാർത്ഥത്തിൽ ചിലവാകുന്ന തുക എത്രയാണോ അത് അനുവദിക്കാനും ആണ് ദേശീയ തലത്തിലുള്ള മാനദണ്ഡം.
എല്ലാ വർഷവും സംസ്ഥാനത്തിന് ഒരു നിശ്ചിത വിഹിതം SDRF ലേക്ക് ലഭിക്കും. എന്നാൽ ഒരു വലിയ ദുരന്തം സംഭവിക്കുമ്പോൾ SDRF ൽ അപ്പോഴുള്ള പണം മതിയാകാതെ വരികയും അടിയന്തരമായി അധിക സഹായം വേണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകും ചെയ്യും. ഇത് വെറുതെ ആവശ്യപ്പെടാൻ സാധിക്കില്ല, മറിച്ച് മേൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു മെമ്മോറാണ്ടം തയ്യാറാക്കി വേണം സംസ്ഥാനത്തിന്റെ ആവശ്യം ഉന്നയിക്കാൻ.
ഒരു കേന്ദ്ര സംഘം ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിച്ചു പഠിച്ച ശേഷം പ്രസ്തുത മെമ്മോറാണ്ടം പരിശോധിച്ചാണ് SDRF ലേക്ക് അധിക ധനസഹായം അനുവദിക്കുക. അതുതന്നെ നൽകുമ്പോൾ SDRF ൽ നീക്കിയിരിപ്പുള്ള പണത്തിന്റെ 50% കുറവ് ചെയ്തു കൊണ്ട് മാത്രമേ നൽകുകയുമുള്ളൂ. മിക്കപ്പോഴും ഒരു ദുരന്തഘട്ടത്തിലെ ആദ്യ നാളുകളിൽ ആയിരിക്കും മെമ്മോറാണ്ടം തയ്യാറാക്കുക. കാരണം അതൊരു അടിയന്തര സഹായ അഭ്യർത്ഥന ആണ്. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിൽ ഓരോന്നിനും യഥാർത്ഥത്തിൽ എത്ര ചെലവ് വരുമെന്ന് അപ്പോൾ ബില്ലുകൾ സമർപ്പിക്കപ്പെടുകയോ മുൻകൂട്ടി ടെണ്ടർ വിളിച്ചു നടപ്പിലാക്കാനോ സാധിക്കില്ലല്ലോ. അത്തരം ഘട്ടത്തിൽ ഒരു ഏകദേശ എസ്റ്റിമേറ്റ് വെച്ച് കൊണ്ട് എത്ര ദിവസം വരെ പരമാവധി രക്ഷാപ്രവർത്തനം തുടരേണ്ടി വരുമെന്ന് കൂടി നോക്കിയുള്ള പ്രതീക്ഷിത ചെലവാണ് നൽകാൻ സാധിക്കുക.
ഉദാഹാരണത്തിന് മേപ്പാടിയിൽ ഓഗസ്റ്റ് രണ്ടാംവാരം മെമ്മോറാണ്ടം കൊടുക്കുമ്പോഴും എയർഫോഴ്സ് തിരച്ചിൽ തുടരുക ആയിരുന്നല്ലോ. അത് നിർത്തി മൊത്തം ബില്ല് തന്നിട്ട് ബാക്കി തിരഞ്ഞാൽ മതിയെന്ന് പറയാൻ കഴിയില്ല. അവരുടെ ബില്ല് ഒരുപക്ഷേ മാസങ്ങൾ കഴിഞ്ഞാകും വരിക. അപ്പോ അത് കൊടുക്കാൻ SDRF ൽ പണം വേണം. മെമ്മോറാണ്ടത്തിൽ അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന ചെലവ് എഴുതണം.
ദുരന്തസമയം മുതൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പുകളുണ്ട്. ഇനിയും ഓടേണ്ടതുണ്ട്. അവർ എല്ലാകാലത്തും സൗജന്യമായി ഓടില്ല. അങ്ങനെ അവരെ ഓടിക്കേണ്ടതുമില്ല. അതിന് എത്ര രൂപയാണോ ആകെ ചിലവാകുന്നത്, ആ ബില്ല് അവർ സമർപ്പിക്കുമ്പോൾ മുഴുവൻ പൈസയും കൊടുക്കാൻ SDRF ൽ പ്രൊവിഷൻ ഉണ്ട്. അത് പക്ഷെ മെമ്മോറാണ്ടം തയ്യാറാക്കുന്ന പതിനഞ്ചാം ദിവസം വരെയുള്ളത് മതി എന്ന് വെക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അതിന്റെ പരമാവധി period പ്രൊജക്റ്റ് ചെയ്തു കൊണ്ട് അമൌന്റ്റ് മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നത്.
ഇതാണ് നമ്മൾ ഞെട്ടി കൊണ്ടിരിക്കുന്ന സ്തോഭജനകമായ കണക്കുകളുടെ അടിസ്ഥാനം.
‘Actuals’ എന്ന് എഴുതിയിരിക്കുന്ന ഒരു വാക്കാണ് എല്ലാവരെയും കുഴപ്പിച്ചിട്ടുണ്ടാവുക എന്ന് ഞാൻ ചിന്തിക്കുന്നു. അതിൽ ഈ actuals എന്ന് പറയുന്നത് നമ്മൾ ചെലവഴിച്ച പണത്തിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചതല്ല. മറിച്ച് SDRF norms ൽ ചില കാര്യങ്ങൾക്ക് ചെലവഴിക്കുന്ന മുഴുവൻ തുകയും claim ചെയ്യാൻ സാധിക്കും. എന്നാൽ ചില കാര്യങ്ങൾക്ക് മുൻകൂട്ടി ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ടാവും. അങ്ങനെ മുഴുവൻ തുകയും ഉപയോഗിക്കാൻ കഴിയുന്ന കാര്യങ്ങളെ സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് മെമ്മോറാണ്ടത്തിൽ ‘actuals ‘ എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഇത് തിരിച്ചറിയാത്തതാണ് വിഷയം.
മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിയും ഉദ്യോഗസ്ഥരും എല്ലാം മാറി മാറി വരും. അവശേഷിക്കാനുള്ളത് നമ്മുടെ നടാണ്. ഇനിയും ദുരന്തങ്ങൾ വരും. അപ്പോഴും നമ്മൾ ഐക്യത്തോടെ നാടിനെ ചേർത്ത് പിടിക്കേണ്ടി വരും. അതുമായി ബന്ധപ്പെട്ട ഫണ്ടുകളുടെ വിശ്വാസ്യത തകരുന്നത് ഒട്ടും ഭൂഷണമല്ല. തെറ്റായ മനസ്സിലാക്കലിന്റെയും ആഖ്യാനങ്ങളുടെയും അതുവഴി നുണകൾ പ്രചരിപ്പിക്കപ്പെട്ടും ഇപ്പോൾ സംഭവിക്കുന്നത് അതാണ്. അതൊരു തരത്തിലും നല്ലതല്ല.