- കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി കേന്ദ്രത്തിന് നല്കിയ എസ്റ്റിമേറ്റ് കണക്കാണ് പുറത്തുവന്നതെന്ന് റവന്യൂ മന്ത്രി
തൃശൂർ: വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ തുക പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്നത് കേന്ദ്രസർക്കാരിന് നൽകിയ പ്രതീക്ഷിക്കുന്ന ചെലവുകളാണെന്നും റവന്യൂ മന്ത്രി കെ രാജൻ. ചെലവഴിച്ച തുകയുടെ കണക്കല്ല വന്നത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി കേന്ദ്രത്തിന് സർക്കാർ തയ്യാറാക്കി നൽകിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണെന്നും മന്ത്രി വിശദീകരിച്ചു.
ദുരന്തത്തിനു ശേഷം കേന്ദ്രസർക്കാരിന് കേരളം ഒരു മെമ്മോറാണ്ടം നല്കിയിരുന്നു. അതിൽ കാണിച്ച കണക്കാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ആഗസ്ത് രണ്ടാമത്തെ ആഴ്ചയിലാണ് ഇത് തയ്യാറാക്കിയത്. പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾത്തന്നെ സത്യവാങ്മൂലത്തിൽ സമർപ്പിക്കുകയായിരുന്നു. ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചശേഷം വൈകാതെ പുറത്തുവിടുമെന്നും എല്ലാ സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തത്തിൽ ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ വകയിരുത്തിയത് അടക്കമുള്ള കണക്കുകൾ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ ചർച്ചയ്ക്കും വിമർശങ്ങൾക്കും ഇടവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത തുക സർക്കാർ ചെലവാക്കിയതല്ലെന്നും പ്രതീക്ഷിക്കുന്ന ചെലവ് കാണിച്ച് കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടമാണെന്നും സർക്കാർ വിശദീകരിച്ചത്.