ശ്രീനഗര്‍. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും കശ്മീരി ജനതയെ വിശ്വസിച്ചില്ലെന്നും അതിന് ജമ്മു കശ്മീര്‍ ഏറെ അനുഭവിക്കേണ്ടി വന്നുവെന്നും മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിനു ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഇവിടെ അസ്വസ്ഥത തുടരുമെന്നും കേന്ദ്രത്തിന് കശ്മീരി ജനതയുടെ ഹൃദയം കവരാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദല്‍ഹിയില്‍ അധികാരത്തിലെത്തിയവരെല്ലാം കശ്മീരില്‍ ആധിപത്യം നേടാനാണ് ശ്രമിച്ചത്. ജനങ്ങളുടെ അഭിലാഷങ്ങളെ പരിഗണിക്കുന്നതിനു പകരം ദല്‍ഹിയിലെ നേതാക്കളുടെ ആഗ്രഹങ്ങളെ കുറിച്ചാണ് അവര്‍ ചിന്തിച്ചത്. അതുകൊണ്ടാണ് സംസ്ഥാനത്തിന് അനുഭവിക്കേണ്ടി വന്നത്- അദ്ദേഹം പറഞ്ഞു. സ്വന്തം ഗുണത്തിനു വേണ്ടി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന ആളുകളാണ് ഈ വിശ്വാസമില്ലായ്മയ്ക്കു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരിനെ വിഭജിച്ചതിനെതിരെ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ സഖ്യം തകര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഈ സഖ്യത്തിലുണ്ടായിരുന്ന കക്ഷികള്‍ തമ്മിലുള്ള പഴയ ഭിന്നതകള്‍ ഇല്ലാതായില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ബിജെപി മതങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയാണെന്നും ഇത് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ബിജെപിയോട് സഖ്യമുണ്ടാക്കരുതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പിഡിപിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും പിഡിപി നേതാവ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിനോട് യാചിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും പറഞ്ഞു നോക്കി. ഞങ്ങളെല്ലാവരും പിന്തുണയ്ക്കാമെന്നും ബിജെപിയോട് കൈകോര്‍ക്കരുതെന്നും പിഡിപിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപി സഖ്യം ഉപേക്ഷിച്ചപ്പോള്‍ പിഡിപിയെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും സമയം നഷ്ടമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.