ജിദ്ദ – ഇസ്രായില്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ച് അമേരിക്കയിലെ ഇസ്രായിലി ലോബികള്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പിന്‍വലിക്കാന്‍ അമേരിക്കക്ക് എളുപ്പത്തില്‍ കഴിയുമെന്ന് അമേരിക്കയിലെ മുന്‍ സൗദി അംബാസഡറും മുന്‍ സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ കേന്ദ്രമായ ചാത്തം ഹൗസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. അമേരിക്കയിലെ ഇസ്രായിലി ലോബികള്‍ക്ക് നികുതി ഇളവ് പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നത് ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തും. ഇങ്ങിനെ അമേരിക്കക്ക് ചെയ്യാന്‍ കഴിയും.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതു വരെ സൗദി അറേബ്യ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല. പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്താനും സാമ്പത്തിക ബന്ധം സ്ഥാപിക്കാനും ഇസ്രായിലും സൗദി അറേബ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതില്‍ അമേരിക്കക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ ഇസ്രായില്‍ അംഗീകരിക്കുന്ന പക്ഷം സൗദി അറേബ്യയും ഇസ്രായിലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്. ഒക്‌ടോബര്‍ ഏഴിനു മുമ്പ് ചര്‍ച്ചകള്‍ ആ വഴിയിലൂടെ പുരോഗമിച്ചിരുന്നു.
ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് വഴിവെക്കുന്ന കാര്യങ്ങളെ കുറിച്ച് അമേരിക്കന്‍ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഫലസ്തീന്‍ പ്രതിനിധി സംഘത്തെ സൗദി അറേബ്യ ക്ഷണിക്കുകയും ചെയ്തിരുന്നു. ആ ചര്‍ച്ചകളെ കുറിച്ച് എനിക്കറിയില്ല. അതുകൊണ്ടു തന്നെ ഫലസ്തീനികള്‍ക്കും അമേരിക്കക്കാര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. ഫലസ്തീനികള്‍ക്കു വേണ്ടി ഞങ്ങള്‍ സംസാരിക്കില്ല എന്നതാണ് സൗദി അറേബ്യയുടെ നിലപാട്. അവര്‍ അത് സ്വയം ചെയ്യണം. നിര്‍ഭാഗ്യവശാല്‍ ഒക്‌ടോബര്‍ ഏഴ് സംഭവവികാസങ്ങള്‍ ആ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് സൗദി അറേബ്യയുമായുള്ള ഇസ്രായിലിന്റെ ബന്ധത്തിനു മാത്രമല്ല, മറ്റു മുസ്‌ലിം ലോകവുമായുള്ള ഇസ്രായിലിന്റെ ബന്ധത്തിനും നിര്‍ണായകമാണ്.
ഇസ്രായിലുമായി സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്നത് സൗദി അറേബ്യയുടെ പ്രാഥമിക വ്യവസ്ഥയാണ്. പക്ഷേ, ഇസ്രായില്‍ പക്ഷത്ത്, മുഴുവന്‍ ഗവണ്‍മെന്റും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നു. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടുന്ന നിലക്ക് 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ സൗദി അറേബ്യ നേതൃത്വം നല്‍കിയിട്ടുണ്ട്. 1981 ല്‍ കിംഗ് ഫഹദ് സമാധാന പദ്ധതിയും 2002 ല്‍ അബ്ദുല്ല രാജാവ് മുന്‍കൈയെടുത്ത് മുന്നോട്ടുവെച്ച അറബ് സമാധാന പദ്ധതിയും ഇതിന്റെ ഭാഗമായിരുന്നു.
നിലവിലെ ഗാസ യുദ്ധത്തിന് അറുതിയുണ്ടാക്കാനും ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനും ശ്രമിച്ച് സൗദി അറേബ്യ മുന്‍കൈയെടുത്ത് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഉച്ചകോടികള്‍ സംഘടിപ്പിച്ചു. യുദ്ധത്തിന് അന്ത്യമുണ്ടാക്കണമെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ സൗദി വിദേശ മന്ത്രിയുടെ നേതൃത്വത്തില്‍ നയതന്ത്ര ദൗത്യങ്ങളും നടക്കുന്നുണ്ട്. ഗാസയില്‍ മാത്രമല്ല, വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ തുടരുന്ന നരമേധങ്ങള്‍ അപലപിക്കാന്‍ സൗദി അറേബ്യ മുന്നിലുണ്ട്. അമേരിക്കയും മറ്റു പശ്ചാത്യ രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായിലിനു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നില്ല. ജൂലൈയില്‍ ഒരു പുതിയ ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിലൂടെ നിലവില്‍വന്നതിനു ശേഷം മാത്രമാണ് ഇസ്രായിലിലേക്കുള്ള ചില ആയുധ കയറ്റുമതി ലൈസന്‍സുകള്‍ ബ്രിട്ടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയത്.
ഇത്തരത്തില്‍ പെട്ട കൂടുതല്‍ നടപടികള്‍ ബ്രിട്ടന്റെ ഭാഗത്തു നിന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ അംഗീകരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ബ്രിട്ടന്‍ ഏറെ കാലതാമസം വരുത്തിയിരിക്കുന്നു. ഇസ്രായിലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നടപടികളില്‍ അമേരിക്കക്ക് നേരിട്ട് സമ്മര്‍ദം ചെലുത്താനാകും. കൂടാതെ ഇസ്രായിലിനോട് അനുഭാവം വെച്ചുപുലര്‍ത്തുന്ന ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും ധനസഹായവും ലോബിയിംഗും പരിഹരിക്കാനും നടപടികളെടുക്കണം. ഇസ്രായിലിന് ആയുധങ്ങളും ഉപകരണങ്ങളും നിഷേധിക്കല്‍ മാത്രമല്ല, ഇസ്രായിലിനു മേല്‍ സ്വാധീനം ചെലുത്തുന്നതിന് അമേരിക്കക്ക് എമ്പാടും മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഇവയൊന്നും അമേരിക്ക ഉപയോഗിക്കുന്നില്ല.
അമേരിക്കയില്‍ നിന്ന് ധാരാളം സാമ്പത്തിക സഹായം ഇസ്രായിലിന് ലഭിക്കുന്നു. ഇസ്രായിലിന് നികുതിരഹിത സംഭാവനകള്‍ നല്‍കാനുള്ള അവസരം അടക്കം അമേരിക്കയിലെ ഇസ്രായില്‍ അനുകൂല ലോബികള്‍ക്ക് ലഭിക്കുന്ന ചില പ്രത്യേകാവകാശങ്ങള്‍ പിന്‍വലിക്കുന്നത് ഇസ്രായിലിനു മേല്‍ വലിയ സമ്മര്‍ദം ചെലുത്തും. ഒരു പ്രത്യേക രാജ്യത്തിനു വേണ്ടി സംസാരിക്കണമെങ്കില്‍ ഒരു ലോബിയിസ്റ്റായി രജിസ്റ്റര്‍ ചെയ്യണം. അതല്ലെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടും. അമേരിക്കയിലെ നിരവധി സംഘടനകള്‍ ഇസ്രായിലിനു വേണ്ടി ഇത് ചെയ്യുന്നു. ഈ സംഘടനകള്‍ നികുതിരഹിത പദവി ആസ്വദിക്കുന്നു. കാരണം, അവ ഇസ്രായിലിനെ പ്രതിനിധീകരിക്കുന്നതായി പരിഗണിക്കപ്പെടുന്നില്ല. മറിച്ച്, ജീവകാരുണ്യ, റിലീഫ് ഗ്രൂപ്പുകളായാണ് അവ പരിഗണിക്കപ്പെടുന്നത്.
ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന നിരവധി ഉപകരണങ്ങള്‍ അമേരിക്കയുടെ പക്കലുണ്ട്. കേവലം പരുഷമായ സംസാരമല്ല, ഇത്തരം സംസാരങ്ങള്‍ എവിടെയും എത്തിച്ചിട്ടില്ല. പകരം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക തയാറാണോ എന്നതാണ് ചോദ്യം. അമേരിക്ക ഇങ്ങിനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ എനിക്ക് ശുഭാപ്തിവിശ്വാസമില്ല – തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.