- എ.കെ.ജി ഭവനിലെത്തി ആദരമർപ്പിച്ച് സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ
- പാർലമെന്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവെന്ന് കപിൽ സിബൽ, വരും തലമുറകൾക്ക് രാഷ്ട്രീയ പാഠപുസ്തകമെന്ന് കനിമൊഴി
ന്യൂഡൽഹി: സോഷ്യലിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ മതനിരപേക്ഷ രാഷ്ട്രീയത്തിനായി പട നയിച്ച വിപ്ലവ സൂര്യൻ, അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി രാജ്യം.
സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിൽ നിന്ന് പുറപ്പെട്ട വിലാപ യാത്ര ഇടറുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ ലക്ഷ്യസ്ഥാനമായ എയിംസ് ആശുപത്രിയിലെത്തി. ഭൗതിക ശരീരം തന്റെ അമ്മ നൽകിയതുപോലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകണമെന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് മൃതദേഹം വികാനിർഭരമായ അന്തരീക്ഷത്തിൽ എയിംസ് ആശുപത്രി അധികൃതർക്ക് കൈമാറി. ഭാര്യയും മകളും മരുമകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും പാർട്ടിയുടെ മുതിർന്ന നേതാക്കളുടെയും മറ്റും സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ ഉൾപ്പെടെ വിവിധ പൗരപ്രമുഖർ എ.കെ.ജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ ശരത് പവാർ, മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ പി ചിദംബരം, ജയറാം രമേശ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, പ്രമുഖ നിയമപണ്ഡിതനും എം.പിയുമായ കപിൽ സിബൽ, ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, ഡി.എം.കെ നേതാക്കളായ കനിമൊഴി എം.പി, ഉദയനിധി സ്റ്റാലിൻ, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, വിയറ്റ്‌നാം, ഫലസ്തീൻ, ചൈനീസ് അംബാസഡർമാർ, മുതിർന്ന പത്രപ്രവർത്തകനും ‘ന്യൂസ് ക്ലിക്’ എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത, തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പ്രമുഖരും സാധാരണക്കാരുമടക്കം എ.കെ.ജി ഭവനിലെത്തി ജനകീയ നേതാവിന് അന്തിമോപചാരമർപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ അടക്കമുള്ള വിവിധ നേതാക്കളെല്ലാം നേരത്തെ രാജ്യതലസ്ഥാനത്ത് എത്തി അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു.
പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ ബേബി, എം.വി ഗോവിന്ദൻ, എ വിജയരാഘവൻ, കേരളത്തിലെ മന്ത്രിമാർ, മുൻമന്ത്രിമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള വൻ ജനാവലിയാണ് വിലാപയാത്രയിൽ പങ്കെടുത്തത്. ഭാര്യയും മാധ്യമ പ്രവർത്തകയുമായ സീമാ ചിത്സി, മകളും പ്രഭാഷകയുമായ ഡോ. അഖില, അന്തരിച്ച മകൻ ആശിഷിന്റെ ഭാര്യ സ്വാതി അടക്കമുള്ള കുടുംബാംഗങ്ങളും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിച്ചു.
പതിവ് പ്രയോഗമല്ല, യെച്ചൂരിയുടെ വിയോഗം അക്ഷരാർത്ഥത്തിൽ തന്നെ നികത്താനാവാത്ത നഷ്ടമാണെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ പറഞ്ഞു. പാർലമെന്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവായിരുന്നു യെച്ചൂരിയെന്ന് മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബലും വരും തലമുറകൾക്ക് രാഷ്ട്രീയ പാഠപുസ്തകമെന്ന് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയും അനുസ്മരിച്ചു.
യെച്ചൂരിയുടെ വിയോഗത്തോടെ ഇന്ത്യൻ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മക്ക് ധിഷണാശാലിയായ ഒരു മഹാ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം ജനമനസ്സിൽ സ്വാധീനം നേടിയ വലിയൊരു വിപ്ലവകാരിയുടെ വേർപാട് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മാത്രമല്ല, രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കുമുള്ള വലിയൊരു നെടുംന്തൂണിനെയാണ് നഷ്ടമാക്കിയത്. ഉജ്ജ്വല പാർലമെന്റേറിയൻ കൂടിയായിരുന്ന യെച്ചൂരി തൊണ്ണൂറുകൾ തൊട്ട് ദേശീയ തലത്തിൽ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകളർപ്പിച്ച മുന്നണി പോരാളികളിൽ ഒരാൾ കൂടിയായിരുന്നു. ദേശീയ തലത്തിൽ വലിയൊരു പാർട്ടിയൊന്നുമല്ലെങ്കിലും യെച്ചൂരിയുടെ വ്യക്തിത്വം സി.പി.എമ്മിന് വൻ മൈലേജാണ് ദേശീയ രാഷ്ട്രീയത്തിൽ നേടിക്കൊടുത്തത്. കാര്യങ്ങൾ ആർക്കു മുന്നിലും പഠിച്ച് വസ്തുനിഷ്ഠമായി അവതരിപ്പിച്ച് സഭക്കകത്തും പുറത്തും നിറഞ്ഞ കൈയടി നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
2015-ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ ജനറൽസെക്രട്ടറിയായി ചുമതലയേറ്റ യെച്ചൂരി അടുത്തവർഷം തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ പ്രവർത്തന പരിപാടികൾക്കിടെയാണ് വിടവാങ്ങിയത്. ശ്വാസകോശ അണുബാധയെത്തുടർന്ന് എയിംസിൽ ചികിത്സയിലിരിക്കെ സെപ്തംബർ 12ന് വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം. യെച്ചൂരിയുടെ വിയോഗത്തിൽ സുപ്രിം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വർ മുതൽ ബി.ജെ.പിയുടെ മുൻ അധ്യക്ഷനും മുൻ ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു അടക്കമുള്ളവർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. സത്യസന്ധനും ദീർഘവീക്ഷണവുമുള്ള ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടിക്കകത്തും പുറത്തുമുള്ള യെച്ചൂരിയുടെ സ്ഥാനമാണിതെല്ലാം അടയാളപ്പെടുത്തുന്നത്.