ബ്യൂണസ്‌ഐറിസ്: ലോകകപ്പ് ഫുട്ബോളിന്റെ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ കൊളംബിയക്കെതിരേ തോല്‍വി വഴങ്ങിയ ശേഷം ഗ്രൗണ്ട് വിടുന്നതിനിടെ ക്യാമറാമാനെ തല്ലിയ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം. ആസ്റ്റണ്‍ വില്ല താരം കൂടിയായ എമിലിയാനോയെ വിലക്കണമെന്നാണ് കൊളംബിയന്‍ മീഡിയാ അസോസിയേഷന്റെ ആവശ്യം. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള എമിയുടെ പ്രതികരണത്തിന് ഫിഫ മറുപടി നല്‍കണമെന്നും അദ്ദേഹത്തെ വിലക്കണമെന്നും കൊളംബിയ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ജോണി ജാക്‌സണ്‍ എന്ന ക്യാമറമാന്റെ ക്യാമറയ്ക്കാണ് എമി തല്ലിയത്. എമിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ക്യാമറയും ക്യാമറാമാനും നിലത്ത് വീണിരുന്നു. കൊളംബിയക്കെതിരേ പരാജയപ്പെട്ടതിലുള്ള ദേഷ്യത്തിലായിരുന്നു എമിയുടെ പ്രതികരണം. എമി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു ഞാന്‍ എന്റെ ജോലി ചെയ്യുന്നു. ഇതിന് എന്തിനാണ് ക്യാമറ തല്ലിചതച്ചത് എന്നാണ് ക്യാമറാമാന്റെ ചോദ്യം. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പരാജയം ഉണ്ടാവുമെന്നും അത് എമി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എമിലിയാനോയുടെ പ്രവര്‍ത്തിക്കെതിരേ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.