ജിദ്ദ – മത്സ്യകൃഷി ഫാമുകളിലെ മലിനജലം ഈത്തപ്പന ജലസേചനത്തിന് ഏറെ ഫലപ്രദമാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിദഗ്ധ പഠനത്തില്‍ തെളിഞ്ഞതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. മത്സ്യകൃഷി ജലം ഈത്തപ്പന ജലസേചനത്തിന് ഉപയോഗിക്കുന്നതില്‍ മന്ത്രാലയം വിജയിച്ചു. സൗദിയില്‍ ഈത്തപ്പഴത്തിന്റെ ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലും വര്‍ധിപ്പിക്കുന്നതിലും ഈ രീതി കാര്യക്ഷമമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മത്സ്യകൃഷി ജലം മണ്ണിലെ പോഷകങ്ങളുടെ സാന്ദ്രതയില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നു. കൂടാതെ ഈത്തപ്പഴത്തിന്റെ വലിപ്പം, ഭാരം, ഗുണമേന്മ എന്നിവ വര്‍ധിപ്പിക്കുന്നതു പോലെ ഈത്തപ്പഴത്തിന്റെ ചില സവിശേഷതകള്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
മത്സ്യകൃഷി ഫാമില്‍ നിന്നുള്ള മലിനജലം ഈത്തപ്പന കൃഷിയില്‍ പുനരുപയോഗിക്കുന്നത് സുസ്ഥിര കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങളിലൊന്നാണ്. മത്സ്യഭക്ഷണ അവശിഷ്ടങ്ങളിലും മത്സ്യഅവശിഷ്ടങ്ങളിലും അമോണിയ, ജൈവവസ്തുക്കള്‍, സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
മത്സ്യകൃഷി ജലം ഉപയോഗിച്ച് ജലസേചനം ചെയ്ത ഈത്തപ്പനകളിൽനിന്നുള്ള ഈത്തപ്പഴത്തിന്റെ ഭാരം 26 ശതമാനവും നീളം 17 ശതമാനവും വ്യാസം 13 ശതമാനവും തോതില്‍ വര്‍ധിച്ചതായും ഈത്തപ്പഴത്തിലെ പഞ്ചസാരയുടെ അനുപാതം 25 ശതമാനവും സിങ്കിന്റെ അനുപാതം 367 ശതമാനവും മഗ്നീഷ്യത്തിന്റെ അനുപാതം 112 ശതമാനവും ചെമ്പിന്റെ അനുപാതം ഒമ്പതു ശതമാനവും കാല്‍സ്യത്തിന്റെ അനുപാതം 15 ശതമാനവും ഫോസ്ഫറസിന്റെ അനുപാതം 42 ശതമാനവും അയണിന്റെ അനുപാതം 162 ശതമാനവും തോതില്‍ ഉയര്‍ന്നതായും പഠന ഫലങ്ങള്‍ വ്യക്തമാക്കി.
സൗദിയിലെ 362 മത്സ്യഫാമുകള്‍ പ്രതിവര്‍ഷം 38.6 കോടി ഘനമീറ്റര്‍ മലിനജലം ഉല്‍പാദിപ്പിക്കുന്നതായാണ് കണക്കാക്കുന്നത്. ഈ ജലം ഈത്തപ്പന കൃഷി ജലസേചനത്തിന് ഉപയോഗിക്കുന്നത് ഈത്തപ്പഴ ഉല്‍പാദനം വര്‍ധിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി കാര്‍ഷിക മേഖലയില്‍ സുസ്ഥിരതക്ക് പിന്തുണ നല്‍കും. മണ്ണിലെ നൈട്രജന്റെയും ജൈവവസ്തുക്കളുടെയും അളവ് മെച്ചപ്പെടുത്തലും രാസവളങ്ങളുടെ ഉപയോഗം ലാഭിക്കലും വെള്ളവും മണ്ണും സംരക്ഷിക്കലും കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തലും സര്‍ക്കുലാര്‍ ഇക്കോണമി ആശയം പ്രോത്സാഹിപ്പിക്കലും അടക്കം നിരവധി നേട്ടങ്ങള്‍ മത്സ്യഫാമുകളില്‍ നിന്നുള്ള മലിനജലം കാര്‍ഷിക മേഖലാ ജലസേചനത്തിന് ഉപയോഗിക്കുന്നത് നല്‍കുന്നതായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.