തിരുവനന്തപുരം- പി.ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി.വി അൻവർ എം.എൽ.എ. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് പി.ശശി മുഖ്യമന്ത്രിയുടെ അടുത്ത് എത്താതെ ശശി പൂഴ്ത്തിവെച്ചുവെന്നും അൻവർ ആരോപിച്ചു. പോലീസിൽ ശക്തമായ ആർ.എസ്.എസ് സംഘമുണ്ടെന്നും അൻവർ പറഞ്ഞു. തിരുവനന്തപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ സി.പി.എം പ്രവർത്തകരെ കുടുക്കാൻ പോലീസ് ശ്രമിച്ചുവെന്നും രേഖകൾ ഉദ്ധരിച്ച് അൻവർ വ്യക്തമാക്കി.
ആർ.എസ്.എസ് പ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരം മുഖ്യമന്ത്രിക്ക് നൽകാതെ പി.ശശി വഞ്ചിക്കുകയാണ് ചെയ്തത്. ശശി തന്റെ ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നും അൻവർ ആവർത്തിച്ചു വ്യക്തമാക്കി. ശശിയുടെ ഉത്തരവാദിത്വമില്ലായ്മ പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കി. സോളാർ കേസ് അട്ടിമറിച്ചതും എ.ഡി.ജി.പി അജിത് കുമാറാണ്. പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഇക്കാര്യം അവലോകനം ചെയ്യാൻ സാധിച്ചില്ല.
പോലീസിനുള്ളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കി, ബി.ജെ.പിയെയും പ്രതിപക്ഷത്തെയും സഹായിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്. ശശിയുടെ പിന്നാമ്പുറത്തിലുള്ള കാര്യങ്ങൾ എനിക്കറിയില്ല. അത് പാർട്ടി അന്വേഷിക്കുകയാണ് വേണ്ടത്. കൂടുതൽ തെളിവുകൾ അടുത്ത ദിവസം പുറത്തുവിടുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. കേസിൽ പെട്ട ആളുകളുടെ വീട്ടുകളിൽ രാത്രി ചെന്ന് വാതിലിൽ മുട്ടുകയാണ് ഡാൻസാഫ് സംഘം ചെയ്യുന്നത്. പാർട്ടിക്കും ഇടതുമുന്നണി കൺവീനർക്കും അടുത്ത ദിവസം പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി. പൊളിറ്റിക്കൽ സെക്രട്ടറി തീർത്ത ബാരിക്കേഡിന്റെ അപ്പുറത്തേക്ക് ഒരു പരാതിയും പോകുന്നില്ലെന്നും അൻവർ പറഞ്ഞു. കൂടെയുള്ളവർ മുഖ്യമന്ത്രിയെ വഞ്ചിക്കുകയാണ്.