റിയാദ് – തലസ്ഥാന നഗരിയില്‍ പുതുതായി ആരംഭിച്ച പേ പാര്‍ക്കിംഗുകളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 60 ലേറെ ഇ-പെയ്‌മെന്റ് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി റിയാദ് നഗരസഭ അറിയിച്ചു. പാര്‍ക്കിംഗുകളില്‍ 180 ലേറെ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. റിയാദ് പാര്‍ക്കിംഗ് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സമാരംഭം കുറിച്ചതായി അറിയിച്ച് രണ്ടാഴ്ചക്കുള്ളിലാണ് 60 ലേറെ ഇ-പെയ്‌മെന്റ് ഉപകരണങ്ങളും 180 ലേറെ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചത്. തലസ്ഥാന നഗരിയിലെ കൊമേഴ്‌സ്യല്‍ സ്ട്രീറ്റുകളില്‍ 2,000 ലേറെ പാര്‍ക്കിംഗുകളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിക്കു കീഴിലുള്ളത്. പേ പാര്‍ക്കിംഗുകള്‍ക്കു സമീപമുള്ള ജനവാസ കേന്ദ്രങ്ങളില്‍ 17,000 ലേറെ സൗജന്യ പാര്‍ക്കിംഗുകളും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടാഴ്ചക്കിടെ റിയാദ് പാര്‍ക്കിംഗ് പദ്ധതി വെബ്‌സൈറ്റില്‍ അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാവിധ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനങ്ങളും പ്രദാനം ചെയ്യുന്ന ആപ്പില്‍ ഏഴായിരത്തിലേറെ ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തു. പബ്ലിക് പാര്‍ക്കിംഗ് വ്യവസ്ഥാപിതമാക്കിയും തെറ്റായതും ക്രമരഹിതവുമായ സമ്പ്രദായങ്ങള്‍ തടഞ്ഞ് നൂതന സ്മാര്‍ട്ട് പരിഹാരങ്ങള്‍ വികസിപ്പിച്ചും തലസ്ഥാന നഗരിയില്‍ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുള്ള പബ്ലിക് പാര്‍ക്കിംഗ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് റിയാദ് പാര്‍ക്കിംഗ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത് നഗരവാസികളുടെയും സന്ദര്‍ശകരുടെയും യാത്രാനുഭവം മെച്ചപ്പെടുത്തുകയും പാര്‍ക്കിംഗ് വ്യവസ്ഥാപിതമാക്കുകയും സുഗമമാക്കുകയും ചെയ്യുന്നു.
പേ പാര്‍ക്കിംഗുകളില്‍ നിര്‍ത്താതെ സമീപത്തെ ജനവാസ കേന്ദ്രങ്ങളിലെ സൗജന്യ പാര്‍ക്കിംഗുകളില്‍ പുറത്തു നിന്നുള്ളവര്‍ വാഹനം നിര്‍ത്തുന്നത് തടയാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് പാര്‍ക്കിംഗ് ആപ്പ് വഴി ഓരോ പ്രദേശത്തെയും താമസക്കാരുടെ വാഹനങ്ങള്‍ക്ക് പ്രത്യേകം ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ഇതിലൂടെ സൗജന്യ പാര്‍ക്കിംഗുകളിലെ പ്രദേശവാസികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിക്കുന്നു.
പരീക്ഷണ കാലത്ത് പേ പാര്‍ക്കിംഗുകളില്‍ പാര്‍ക്കിംഗ് സൗജന്യമാണ്. അടുത്ത മാസം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ശേഷം ഇവിടങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടിവരും. ഉപയോക്താക്കളുടെ അനുഭവം സമ്പന്നമാക്കുകയും ധന ഇടപാടുകള്‍ എളുപ്പമാക്കുകയും ചെയ്യുന്നത് ഉറപ്പാക്കുന്ന സുരക്ഷിതവും വ്യത്യസ്തവുമായ പെയ്‌മെന്റ് സേവനങ്ങള്‍ റിയാദ് പാര്‍ക്കിംഗ് ആപ്പ് നല്‍കും. പെയ്‌മെന്റ് ഉപകരണങ്ങള്‍ വഴി പണമായും വെബ്‌സൈറ്റ് വഴിയും പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ സൗകര്യമുണ്ടാകും.
ഉപയോക്താക്കളുടെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പേ പാര്‍ക്കിംഗുകളില്‍ 15 മിനിറ്റ് സൗജന്യമായിരിക്കും. വളരെ കുറഞ്ഞ നേരത്തേക്ക് മാത്രം വാഹനങ്ങള്‍ നിര്‍ത്തി അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റേണ്ടിവരുന്നവര്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. 15 മിനിറ്റിനു ശേഷം മാത്രമേ പേ പാര്‍ക്കിംഗ് സമയം കണക്കാന്‍ തുടങ്ങുകയുള്ളൂ.
തലസ്ഥാന നഗരയിലെ കൊമേഴ്‌സ്യല്‍ സ്ട്രീറ്റുകളില്‍ 24,000 ലേറെ പേ പാര്‍ക്കിംഗുകളും ജനവാസ കേന്ദ്രങ്ങളില്‍ 1,40,000 ലേറെ സൗജന്യ പാര്‍ക്കിംഗുകളും പ്രവര്‍ത്തിപ്പിക്കാനാണ് റിയാദ് പാര്‍ക്കിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെല്ലുവിളികള്‍ ഒഴിവാക്കാന്‍ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ നടപ്പാക്കിയ സമാനമായ പദ്ധതികളുടെ അനുഭവങ്ങള്‍ വിശദമായി പഠിച്ചാണ് റിയാദ് പാര്‍ക്കിംഗ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ റിയാദിലെ 12 പ്രദേശങ്ങളിലാണ് പേ പാര്‍ക്കിംഗുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അല്‍വുറൂദ്, അല്‍റഹ്മാനിയ, ഉലയ്യ, അല്‍മുറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ എന്നീ ഡിസ്ട്രിക്ടുകളിലും ദക്ഷിണ റിയാദ് ഡിസ്ട്രിക്ടുകളിലെ നാലിടങ്ങളിലുമാണ് നിലവില്‍ പേ പാര്‍ക്കിംഗുകള്‍ സ്ഥാപിച്ചിരിക്കുന്നത്.