കൊച്ചി- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടിയാണ് സർക്കാർ ഇതേവരെ സ്വീകരിച്ചതെന്നും ഹൈക്കോടതി ചോദിച്ചു. റിപ്പോർട്ടിന്റെ പൂർണ്ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി നിർദ്ദേശിച്ചു. നാലു വർഷമായി ഈ റിപ്പോർട്ടിൽ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും ചോദിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എന്തുകൊണ്ടാണ് ഇത്രയും നാൾ മൗനം പാലിച്ചതെന്ന ചോദ്യവും ഉയർത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ക്രിമിനൽ നടപടിയിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളുള്ള നാടാണ് കേരളമെന്നും അവർക്ക് നേരിട്ട അനീതിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ നാലു വർഷവും സർക്കാർ അനങ്ങിയില്ല. സർക്കാരിന്റെ കൈവശമാണ് റിപ്പോർട്ട് ഉണ്ടായിരുന്നത്. അതിൽ ഒരു നടപടിയും സർക്കാറോ ഡി.ജി.പിയോ സ്വീകരിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചാൽ തന്നെ നിരവധി കുറ്റുകൃത്യങ്ങൾ നടന്നിട്ടുണ്ട് എന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കണമെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.