കോഴിക്കോട്: സിനിമയിൽനിന്ന് പലതവണ ദുരനുഭവങ്ങളുണ്ടായെന്നും ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യം മോശം അനുഭവം ഉണ്ടായതെന്നും നടിയും സഹ സംവിധായികയും ഡബ്ല്യു.സി.സി അംഗവുമായ ദേവകി ഭാഗി. അന്ന് അഭിനയിക്കാൻ വിളിച്ച സിനിമയുടെ സഹ സംവിധായകൻ മോശമായി പെരുമാറിയതോടെ അഭിനയിക്കാതെ പിന്മാറുകയായിരുന്നു. ഡബ്ല്യു.സി.സിക്കുള്ള എൻ രാജേഷ് പുരസ്‌കാര സമർപ്പണ ചടങ്ങിൽ അതേറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു നടി.
ചെറിയൊരു കുട്ടിക്ക് ഇത്തരമൊരു അനുഭവമുണ്ടായ സ്ഥിതിക്ക് നമ്മൾ മനസ്സിലാക്കേണ്ടത് സിനിമക്കകത്ത് അത്തരം ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ട് എന്നുതന്നെയാണ്. കുറേ നാളത്തേക്ക് ആ ഭീതിയിൽ അച്ഛനോ അമ്മയോ ആരും സിനിമയെ കുറിച്ച് ഓർമിപ്പിച്ചില്ല. പിന്നീട് പ്ലസ് വണ്ണിന് പഠിക്കുമ്പോൾ വീണ്ടും സിനിമയിൽ അവസരം കൈവന്നു. അപ്പോഴും സഹസംവിധായകൻ മോശമായി സംസാരിച്ചു. അന്ന് സംവിധായകനെ കണ്ടപ്പോൾ പറഞ്ഞത്: ‘എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്ന ശേഷമാണ് സിനിമയിൽ എത്തിയതെന്നും അവരെല്ലാം ഇപ്പോൾ ഒരുപാട് വലിയ തുക ശമ്പളമായി വാങ്ങിക്കുന്നുവെന്നുമാണ്. ഇതിങ്ങനെയൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്. മോള് പേടിക്കുകയൊന്നും വേണ്ട, മോളുടെ പേടിയൊക്കെ സ്‌ക്രീൻ ടെസ്റ്റ് കഴിയുമ്പോൾ മാറ്റിത്തരാമെന്നുമായിരുന്നു.’ കുറേ നേരത്തേക്ക് അതിന്റെ ഷോക്ക് എനിക്ക് വിട്ടുമാറിയില്ല, എന്നാൽ, ഞാനയളോട് താൽപര്യമില്ലെന്ന് പറഞ്ഞു. വീണ്ടും വീണ്ടും അച്ഛനെ വിളിച്ച് ശല്യം ചെയ്തപ്പോൾ ‘മകളെ സിനിമയിലേക്ക് അയക്കുന്നില്ലെന്ന്’ അച്ഛന് കടുത്ത സ്വരത്തിൽ തീർത്തു പറയേണ്ടിവന്നുവെന്നും നടി വെളിപ്പെടുത്തി.
അതോടെ സിനിമയിലേക്കുള്ള പ്രയത്‌നം അവസാനിച്ചു. പിന്നീട് കുട്ടിയുണ്ടായ ശേഷം ഡിപ്രഷനെ മറികടക്കാൻ ഡോക്ടർ നിർദേശിച്ചത് ഏറ്റവും ഇഷ്ടമുള്ളതെന്തോ അത് ചെയ്യാനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സിനിമയിൽ അഭിനയിക്കാനും നൃത്തം ചെയ്യാനുമായിരുന്നു. തുടർന്ന് ഞാൻ നൃത്തം പുനരാരംഭിച്ചു ഓഡിഷനിൽ പങ്കെടുക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് 28 വയസ്സുണ്ട്. ‘ആഭാസം’ എന്ന ആദ്യ സിനിമയിൽ ചെറിയൊരു റോളാണ് ഞാൻ ചെയ്തത്. ആ സിനിമയിൽ വർക്ക് ചെയ്യുമ്പോൾ കൂടെയുള്ള കുട്ടികളിൽനിന്നും ഓഡിഷന് പോകുമ്പോൾ പരിചയപ്പെടുന്ന കുട്ടികളിൽനിന്നും മനസ്സിലാക്കിയത്, ഞാൻ കുട്ടിക്കാലത്ത് കണ്ട സിനിമയുടെ ഒരു ഭീകരവശം വളരെ ശക്തമായി അപ്പോഴും മുന്നോട്ടുപോകുന്നുവെന്നാണ്. എന്നാൽ, ഇതോടുള്ള എന്റെ ഇടപെടൽ എനിക്കും വീട്ടുകാർക്കും വലിയൊരു ഊർജമാണ് പകർന്നത്. ‘സ്വന്തം വീട് നന്നാക്കാനറിയാത്തവർ നാട് നന്നാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് പരിഹാസത്തോടെയാണ് ഡ്ബ്യൂ.സി.സിയുടെ ആദ്യകാലത്ത് വീട്ടുകാരിൽനിന്നടക്കം ഉയർന്ന വിമർശങ്ങൾ. എന്നാൽ പിന്നീടത് അവർക്ക് തിരുത്തിപ്പറയാനും എന്നെക്കുറിച്ച ധാരണ തന്നെയും പൊളിച്ചെഴുതാൻ സാധിച്ചുവെന്ന അഭിമാനമുണ്ടെന്നും നടി പറഞ്ഞു.
ഡബ്ല്യു.സി.സിക്ക് പരാതി നൽകിയ അന്നുമുതൽ വർക്ക് കുറഞ്ഞു; വീട് ജപ്തിയായെന്നും റഹീന
സിനിമാ മേഖലയിൽനിന്ന് ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടുവെന്നും അത് ഫെഫ്ക അടക്കമുള്ള ഇടങ്ങളിൽ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ഡബ്ല്യു.സി.സി അംഗവും ഹെയർ സ്‌റ്റൈലിസ്റ്റുമായ പി.എസ് റഹീന പറഞ്ഞു.
ശേഷം ഡബ്ല്യു.സി.സിക്ക് പരാതി നൽകിയതോടെ അവർ ചേർത്തുപിടിച്ചെന്നും അന്നുമുതൽ എനിക്ക് വർക്ക് കുറഞ്ഞെന്നും റഹീന വെളിപ്പെടുത്തി. ഒറ്റപ്പെടുത്തലും വിവേചനങ്ങളും ലൈംഗിക പീഡനങ്ങളുമെല്ലാം സിനിമക്കകത്തുണ്ട്. പ്രതികരിക്കുന്നവർക്ക് അവസരങ്ങൾ നഷ്ടമാവും. അങ്ങനെ ഒരുപാട് പ്രയാസങ്ങളും നഷ്ടവുമുണ്ടായി, വീട് വരെ ജപ്തിയായെന്നും അവർ പറഞ്ഞു.