കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ പുതുതായി അഞ്ചു പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ഒരാഴ്ചയിലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ പോസിറ്റീവ് ആയത് ഉൾപ്പെടെയാണിത്.
പത്തു പേർ ആശുപത്രി വിട്ടെന്നും ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണെന്നുമാണ് വിവരം. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതിനിടെ, മഞ്ഞപ്പിത്ത വ്യാപനത്തിൽ ജനകീയ സമിതിയെ പഴിചാരി കോഴിക്കോട് കോർപ്പറേഷൻ രംഗത്തെത്തി. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോർപ്പറേഷൻ പറയുന്നത്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നൽകിയിട്ടും ഇതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
പ്രദേശത്തെ നാല് കിണറുകളിലെ വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാർഡ് കൗൺസിലർ ഉൾപ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
രോഗപ്പകർച്ച തടയാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് അടക്കമുള്ള പ്രതിരോധ ക്യാമ്പുകളും മറ്റുമായി ഊർജിത പ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഇതിന്റെ കാരണവും ലക്ഷണങ്ങളും ചികിത്സയുമെല്ലാം മനസ്സിലാക്കാൻ പൊതുജനങ്ങൾക്കിടയിൽ ആരോഗ്യപ്രവർത്തകരുടെ സജീവമായ ഇടപെടൽ നടന്നുവരികയാണ്.