റിയാദ് – നോവല്‍ രചനയും ചലച്ചിത്ര നിര്‍മാണവും പ്രോത്സാഹിപ്പിക്കാനാണ് ഗോള്‍ഡന്‍ പെന്‍ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് അവാര്‍ഡ് പ്രസിഡന്റ് ഡോ. സഅദ് അല്‍ബാസഇ പറഞ്ഞു. വ്യതിരിക്തമായ തലത്തില്‍ ഒരു നോവലിന്റെ വ്യാപനവും സ്വാധീനവും കൈവരിക്കല്‍ ബുദ്ധിമുട്ടുള്ള ഒരു സമവാക്യവും വെല്ലുവിളിയുമാണ്. പക്ഷേ, അത് നേടിയെടുക്കാവുന്നതാണ്. വിഖ്യാത ഈജിപ്ഷ്യന്‍ സാഹിത്യകാരന്‍ നജീബ് മഹ്ഫൂസിന്റെ ഭൂരിഭാഗം നോവലുകളും വലിയ മൂല്യമുള്ള സിനികളായി മാറിയിട്ടുണ്ട്. ഇവ ഏറെ ജനപ്രീതി നേടി. 2022 നു മുമ്പ് പ്രസിദ്ധീകരിച്ച നോവലുകള്‍ അവാര്‍ഡിന് പരിഗണിക്കില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച കൃതികള്‍ക്കു മാത്രമായി അവാര്‍ഡ് പരിമിതപ്പെടുത്തുന്നത് എഴുത്ത് പരിശീലിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നു.
എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍, സിനിമാ നിര്‍മാതാക്കള്‍, താരങ്ങള്‍ എന്നിവരുടെ ഒരു മുന്‍നിര ഗ്രൂപ്പിന്റെ സാന്നിധ്യത്തില്‍ 2025 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന വലിയ ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ച് അവാര്‍ഡ് വിതരണം നടത്തുക. ഉയര്‍ന്ന മൂല്യമുള്ള കൃതികളാല്‍ അറബി ഉള്ളടക്കത്തെ സമ്പന്നമാക്കാന്‍ സഹായിക്കുന്ന ഈ അതുല്യമായ അവസരത്തില്‍ പങ്കാളിത്തം വഹിക്കാന്‍ മുഴുവന്‍ അറബ് എഴുത്തുകാരോടും സാഹിത്യകാരന്മാരോടും ഡോ. സഅദ് അല്‍ബാസഇ ആഹ്വാനം ചെയ്തു. നോവല്‍, തിരക്കഥ, മൊഴിമാറ്റം ചെയ്ത നോവല്‍, മികച്ച അറബ് പ്രസാധകന്‍, പ്രേക്ഷക അവാര്‍ഡ് എന്നീ വ്യത്യസ്ത വിഭാഗങ്ങളില്‍ ആകെ 7,40,000 ഡോളറാണ് വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കുകയെന്നും ഡോ. സഅദ് അല്‍ബാസഇ പറഞ്ഞു.