കോഴിക്കോട്. വിവാദക്കുരുക്കിലായ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എംഎല്‍എ. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായതിനു പിന്നില്‍ എഡിജിപി അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. മാമി തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കൈകള്‍ ദൃശ്യമാകുന്നുണ്ടെന്നും അതിനുള്ള തെളിവുകളുണ്ടെന്നും അന്‍വര്‍ കോഴിക്കോട്ട് പറഞ്ഞു. മാമിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.
മാമി ഭൂമിയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടതാണോ, ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ ബന്ദിയാക്കപ്പെട്ടതാണോ എന്നൊന്നും പറയാന്‍ കഴിയില്ല. ഒരുപാട് കച്ചവട ബന്ധങ്ങളുള്ള ആള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരു സൂചനയെങ്കിലും കിട്ടുമല്ലോ. മാമി കൊ്ല്ലപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഈ തിരോധനത്തില്‍ അജിത് കുമാര്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെട്ടിട്ടുണ്ട്. ഈ തെളിവുകല്‍ ക്രൈംബ്രാഞ്ചിനു കൈമാറും, അന്‍വര്‍ പറഞ്ഞു.
സസ്‌പെന്‍ഷനിലായ എസ് പി സുജിത് ദാസും അജിത് കുമാറും ഒരച്ഛന്റെ രണ്ടു മക്കളാണ്. അജിത് കുമാര്‍ ഏട്ടനാണ്. കള്ളനും കള്ളനൊപ്പം കക്കുകയും പിന്നെ ഛര്‍ദിക്കുകയും ചെയ്ത ടീമുകളാണ്. കടലില്‍ വീണവന്‍ രക്ഷപ്പെടാന്‍ എല്ലാ വഴിയും നോക്കില്ലെ, ആ വഴി തേടിയാണിപ്പോള്‍ അജിത് കുമാര്‍ നാലു ദിവസം ലീവെടുത്തിരിക്കുന്നത്. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്- അന്‍വര്‍ പറഞ്ഞു.
മാമി തിരോധാനം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.