ജിദ്ദ – വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും അധിനിവിഷ്ട ഫലസ്തീനില്‍ ജൂതകുടിയേറ്റ കോളനി വിപുലീകരണത്തെ എതിര്‍ത്തും സമാധാനപരമായി പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത തുര്‍ക്കി വംശജയായ അമേരിക്കന്‍ യുവതി നബുലുസിന് തെക്ക് ബൈതാ ഗ്രാമത്തില്‍ ഇസ്രായിലി സൈനികരുടെ വെടിയേറ്റ് മരിച്ചതില്‍ അമേരിക്കയിലും തുര്‍ക്കിയിലും അറബ് ലോകത്തും പ്രതിഷേധം പുകയുന്നു. ശിരസ്സിന് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച, തുര്‍ക്കി, അമേരിക്കന്‍ പൗരത്വമുള്ള 26 കാരിയായ അയ്‌സെനുര്‍ ഇസ്ഗി ഈഗി മരണപ്പെട്ടതായി നബുലുസിലെ റാഫിദിയ സര്‍ക്കാര്‍ ആശുപത്രി മേധാവി ഫുവാദ് നാഫഅ അറിയിച്ചു. ശിരസ്സില്‍ വെടിയുണ്ട തറച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക കോശങ്ങള്‍ പുറത്തുവന്ന നിലയിലാണ് അയ്‌സെനുറിനെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ സംഘങ്ങള്‍ അവര്‍ക്ക് ഏതാനും മിനിറ്റ് കാര്‍ഡിയോപള്‍മണറി പുനര്‍-ഉത്തേജനം നല്‍കിയെന്നും എന്നാല്‍ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് അവര്‍ മരണപ്പെടുകയായിരുന്നെന്നും ഫുവാദ് നാഫഅ പറഞ്ഞു.
ബൈതാ ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രതിവാര ജൂതകുടിയേറ്റ കോളനി വിരുദ്ധ മാര്‍ച്ച് ഇസ്രായില്‍ സേന അടിച്ചമര്‍ത്തുന്നതിനിടെയാണ് ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാര്‍ച്ചില്‍ പങ്കെടുത്ത അമേരിക്കന്‍ യുവതിക്ക് ഇസ്രായില്‍ സൈന്യത്തിന്റെ വെടിയേറ്റത്. പതിനെട്ടുകാരനായ ഫലസ്തീന്‍ യുവാവിന് തുടക്കും വെടിയേറ്റിട്ടുണ്ട്. മാര്‍ച്ച് ഇസ്രായില്‍ സൈന്യം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് പ്രകടനക്കാരും ഇസ്രായില്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയും ഇതിനിടെ ഇസ്രായില്‍ സേന വെടിവെപ്പ് നടത്തുകയും കണ്ണീര്‍വാതക പ്രയോഗം നടത്തുകയും സൗണ്ട് ബോംബുകള്‍ ഉപയോഗിക്കുകയുമായിരുന്നു. ഫലസ്തീനികള്‍ക്കെതിരെ ജൂതകുടിയേറ്റക്കാര്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ബൈതയില്‍ ഇസ്രായില്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളില്‍ നിന്ന് ഫലസ്തീന്‍ കര്‍ഷകര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഫസ്അ കാമ്പയിന്റെ ഭാഗമായാണ് അയ്‌സെനുര്‍ ഈഗി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായിലി സൈനികരാണ് അയ്‌സെനുര്‍ ഈഗിയെ കൊലപ്പെടുത്തിയതെന്നും നെതന്യാഹു ഗവണ്‍മെന്റ് ആണ് കൊലപാതകം നടത്തിയതെന്നും തുര്‍ക്കി വിദേശ മന്ത്രാലയം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ സഹായത്തിനെത്തുന്നവരെയും വംശഹത്യക്കെതിരെ സമാധാനപരമായി പോരാടുന്നവരെയും ഭയപ്പെടുത്താനാണ് ഇസ്രായില്‍ ശ്രമിക്കുന്നത്. ഈ അക്രമനയം പ്രവര്‍ത്തിക്കില്ലെന്നും തുര്‍ക്കി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അയ്‌സെനുര്‍ ഈഗിയുടെ ദാരുണമായ മരണത്തെ കുറിച്ച് അറിഞ്ഞതായും അവരുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അഗാധമായ അനുശോചനം അറിയിക്കുന്നതായും അമേരിക്കന്‍ വിദേശ മന്ത്രാലയ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ഇസ്രായിലി കുടിയേറ്റക്കാരുടെ അക്രമാസക്തമായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് അമേരിക്ക അടക്കം ഇസ്രായിലിന്റെ പശ്ചാത്യ സഖ്യകക്ഷികള്‍ക്കിടയില്‍ രോഷം ഇളക്കിവിട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളുടെ പേരില്‍ ഏതാനും ജൂതകുടിയേറ്റക്കാര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് വെസ്റ്റ് ബാങ്കിലെ ജിത് ഗ്രാമത്തില്‍ നൂറോളം കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഭവനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും തീയിടുകയും വ്യാപകമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തത് ലോകമെമ്പാടും അപലപിക്കപ്പെട്ടു. ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഇസ്രായില്‍ സൈന്യം മാറിനില്‍ക്കുന്നതായും പലപ്പോഴും ജൂതകുടിയേറ്റക്കാര്‍ക്കൊപ്പം ആക്രമണങ്ങളില്‍ ചേരുന്നതായും ഫലസ്തീനികളും മനുഷ്യാവകാശ സംഘടനകളും പതിവായി കുറ്റപ്പെടുത്തുന്നു.
1998 ല്‍ തുര്‍ക്കിയിലെ അന്റാല്‍യയില്‍ പിറന്ന അയ്‌സെനുര്‍ ഈഗി ബൈതയില്‍ ഇസ്രായില്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളില്‍ നിന്ന് ഫലസ്തീന്‍ കര്‍ഷകര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഫസ്അ കാമ്പയിനില്‍ പങ്കെടുത്ത വളണ്ടിയര്‍ ആയിരുന്നു. തങ്ങളുടെ മണ്ണില്‍ അനധികൃതമായി സ്ഥാപിച്ച അവിറ്റാര്‍ ജൂതകുടിയേറ്റ കോളനി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബൈത നിവാസികള്‍ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്‌കാരത്തിനു ശേഷം പ്രതിഷേധ പ്രകടനം നടത്താറുണ്ട്.