ജിദ്ദ – ഇലക്ട്രിക് കാര്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയം സംസ്‌കരിക്കുന്നതിലും ഉല്‍പാദിപ്പിക്കുന്നതിലും ചെമ്പ് സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും ലഭ്യമായ സംയുക്ത നിക്ഷേപാവസരങ്ങളെ കുറിച്ചും ഖനന മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ചൈനയിലെ വന്‍കിട ഖനന കമ്പനികളുമായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ചര്‍ച്ച നടത്തി. വ്യവസായ, ധാതുവിഭവ സഹമന്ത്രി ഡോ. അബ്ദുല്ല അല്‍അഹ്മരിയും ദേശീയ വ്യവസായ വികസന കേന്ദ്രം സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍സല്‍മിയും സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നോളജി സോണ്‍സ് സി.ഇ.ഒ എന്‍ജിനീയര്‍ മാജിദ് അല്‍അര്‍ഖൂബിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ചൈനയിലെ ജനറല്‍ ലിഥിയം കോര്‍പറേഷന്‍ കമ്പനി ചെയര്‍മാന്‍, ഹുവാവി മൈനിംഗ്, ഓയില്‍ ആന്റ് ഗ്യാസ് സി.ഇ.ഒ, സൗദി ഹുവാവി ചെയര്‍മാന്‍, ബിവിന്‍ കമ്പനി ചീഫ് സ്ട്രാറ്റജി ഓഫീസര്‍, ത്രീഡി പ്രിന്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്വാങ്ഷു ഹെഗിയേഴ്‌സ് കമ്പനി സി.ഇ.ഒ, ജിയാംഗ്ഷി കോപ്പര്‍ കമ്പനി ചെയര്‍മാന്‍ എന്നിവര്‍ അടക്കമുള്ള ചൈനയിലെ വന്‍കിട വ്യവസായ, ഖനന മേഖലാ കമ്പനി നേതാക്കളുമായാണ് സൗദി സംഘം ചര്‍ച്ചകള്‍ നടത്തിയത്.
ജനറല്‍ ലിഥിയം കോര്‍പറേഷന്‍ കമ്പനി ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇലക്ട്രിക് കാര്‍ നിര്‍മാണ മേഖലയില്‍ സൗദി അറേബ്യയുടെ ലക്ഷ്യങ്ങള്‍, ഈ മേഖലയില്‍ ലഭ്യമായ മികച്ച നിക്ഷേപാവസരങ്ങള്‍, ഖനന മേഖലയില്‍, വിശിഷ്യാ ലിഥിയം സംസ്‌കരണ, ഉല്‍പാദന മേഖലയില്‍ സംയുക്ത സഹകരണം വികസിപ്പിക്കേണ്ടതിന്റെയും അറിവും ഇന്നൊവേഷനും കൈമാറുന്നതിന്റെയും പ്രാധാന്യം എന്നിവ സൗദി വ്യവസായ, ധാതുവിഭവ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിശകലനം ചെയ്തു. ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയില്‍ ആഗോള കേന്ദ്രമായി മാറാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. 2030 ഓടെ പ്രതിവര്‍ഷം അഞ്ചു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന നിലക്ക് ഇലക്ട്രിക് വാഹന വ്യവസായം വികസിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാനും വൈദ്യുതി വാഹനങ്ങള്‍ കയറ്റി അയക്കുന്ന കേന്ദ്രമായി മാറാനും സൗദി അറേബ്യ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
ആദ്യ സൗദി ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് ആയ സീര്‍ കമ്പനിക്ക് കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ ലൈസന്‍സ് അനുവദിച്ചിരുന്നു. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ലൂസിഡ് കമ്പനിയുടെ ആദ്യ ഫാക്ടറി സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തായ്‌വാനിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ചേര്‍ന്നുള്ള സംയുക്ത പദ്ധതിയായ സീര്‍ കമ്പനി റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ ഇലക്ട്രിക് കാര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ 130 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. റാബിഗ് സീര്‍ കമ്പനി പ്ലാന്റില്‍ 2025 ഓടെ ഇലക്ട്രിക് കാര്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഹൈടെക് കാറുകളുടെ നിര്‍മാണം, സ്മാര്‍ട്ട് ഉപകരണങ്ങളുടെ ഉല്‍പാദനം, വ്യവസായ മേഖലാ സഹകരണം ശക്തമാക്കല്‍ എന്നിവ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജി.എ.സി അടക്കമുള്ള വന്‍കിട ചൈനീസ് വാഹന നിര്‍മാണ കമ്പനി മേധാവികളുമായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു.