ജിദ്ദ: ലോകകപ്പ് യോഗ്യത മത്സരത്തിൽ സൗദി അറേബ്യക്ക് സ്വന്തം മണ്ണിൽ ഇന്തോനേഷ്യയോട് അപ്രതീക്ഷിത സമനില. യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് സൗദി അറേബ്യ 1-1 ഗോളിന് സന്ദർശകരായ ഇന്തോനേഷ്യയോട് സമനിലയിൽ പിരിഞ്ഞത്. ഗ്രൂപ്പ് സിയിൽ ഏറ്റവും താഴെയുള്ള ടീമാണ് ഇന്തോനേഷ്യ. ലോക റാങ്കിംഗിൽ 133-ാം സ്ഥാനത്തുള്ള ഇന്തോനേഷ്യയോടാണ് 56-ാം റാങ്കിലുള്ള സൗദി തോറ്റത്. കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിലെത്തിയ സൗദി ആരാധകർ തങ്ങളുടെ ടീമിന് എളുപ്പം വിജയിക്കാമെന്ന പ്രതീക്ഷ വെച്ചുപുലർത്തിയെങ്കിലും മത്സരഫലം അവർക്ക് നിരാശ നൽകുന്നതായി.
പത്തൊൻപതാമത്തെ മിനിറ്റിൽ സന്ദർശകരാണ് ആദ്യ ഗോൾ നേടിയത്. അതുവരെ സൗദി മികച്ച നിലയിലായിരുന്നു. റഗ്‌നർ ഒറാട്ട്‌മാംഗോൻ ബോക്സിന്റെ വലതുവശത്തുനിന്ന് സൗദി ബോക്സിലേക്ക് പന്ത് അടിച്ചുകയറ്റി. സാൻഡി വാൽഷിന്റെ അസിസ്റ്റിൽ ലഭിച്ച പന്ത് ഉഗ്രൻ ഷോട്ടിലൂടെ ആതിഥേയരുടെ നെഞ്ചു പിളർക്കുന്നതാക്കി റഗ്നർ മാറ്റിപ്പണിതു. നിസ്സഹായനായ മുഹമ്മദ് അൽ-ഉവൈസിനെ മറികടന്ന് പന്ത് വലയിലെത്തിയതോടെ ദക്ഷിണ കൊറിയൻ താരം ഷിൻ തേ-യോങ്ങിൻ്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫിനെപ്പോലെ ഇന്തോനേഷ്യൻ ആരാധകരും ആവേശത്തിലാറാടി.
ഗോൾ വീണതോടെ സൗദി ഉണർന്നെങ്കിലും പലപ്പോഴും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ മുസാബ് അൽ ജുവൈർ സൗദിക്കായി സമനില ഗോൾ സ്വന്തമാക്കി. പകുതി സമയത്തിന് ശേഷം സൗദി സന്ദർശകർക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. രണ്ടാമത്തെ ഗോൾ അധികം വൈകാതെ വരുമെന്ന പ്രതീക്ഷ ആരാധകരിലുമുണ്ടായി. എഴുപത്തിയാറാമത്തെ മിനിറ്റിൽ അബ്ദുൽ ഹമീദിന്റെ ഹെഡർ ഇന്തോനേഷ്യൻ ഗോളി തടുത്തു. 77-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലീം അൽ ദോസരി പാഴാക്കി. ഇതോടെ സൗദിയുടെ ഗോൾ വേട്ട എന്ന സ്വപ്നം പൊലിഞ്ഞു. സൗദിക്ക് ഇനിയും ഒമ്പത് മത്സരങ്ങൾ ബാക്കിയുണ്ട്. അടുത്ത ചൊവ്വാഴ്ച ചൈനയിലാണ് ടീമിന്റെ ഇനിയുള്ള മത്സരം.