ബെയ്റൂത്ത് – നീണ്ട മുപ്പതു വര്‍ഷക്കാലം ലെബനോന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പദവി അലങ്കരിച്ച രിയാദ് സലാമയുടെ ജീവിതം കാരാഗൃഹത്തിന്റെ ഇരുട്ടിലേക്ക് പതിച്ചിരിക്കുകയാണ്. ലെബനോനിന്റെ സാമ്പത്തിക രക്ഷകന്‍ എന്നതായിരുന്നു സലാമായുടെ ഖ്യാതി. സാമ്പത്തിക സ്ഥിരതയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന രിയാദ് സലാമ പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ അഴിമതി ആരോപിക്കപ്പെട്ട ആളായി വളരെ വേഗമാണ് മാറിയത്. ബ്രോക്കറേജ് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാരോപിച്ച് രിയാദ് സലാമയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് അശ്‌റഫിയയിലെ ആഭ്യന്തര സുരക്ഷാ സേനാ ജയിലിലേക്ക് മാറ്റി. വര്‍ഷങ്ങളോളം നേരിട്ട ആരോപണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
73 കാരനായ രിയാദ് സലാമ മുപ്പതു വര്‍ഷമാണ് ലെബനോന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പദവി വഹിച്ചത്. എന്നാല്‍ അവസാന മാസങ്ങളില്‍ ലെബനോനിലെയും മറ്റു രാജ്യങ്ങളിലെയും സര്‍ക്കാര്‍ വകുപ്പ് ഫണ്ടുകള്‍ വഴിയുള്ള അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. വരുമാനവുമായി ബന്ധപ്പെട്ട ബ്രോക്കറേജ് സേവനങ്ങള്‍ നല്‍കുന്ന ലെബനീസ് കമ്പനിയ ഒപ്റ്റിമം ഇന്‍വെസ്റ്റുമായി ബന്ധപ്പെട്ട് 2015 നും 2018 നും ഇടയില്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ സുരക്ഷാ വകുപ്പുകള്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. രിയാദ് സലാമയുടെ സഹോദരന്‍ റജാ സലാമയുടെ നിയന്ത്രണത്തിലുള്ള ഹൗരി അസോസിയേറ്റ്‌സ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തെ ആരോപിക്കപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ രിയാദ് സലാമക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
33 കോടി ഡോളര്‍ പൊതുഫണ്ടില്‍ നിന്ന് കിക്ക്ബാക്ക് വഴി കൈമാറ്റം ചെയ്യാന്‍ ഫൗരി അസോസിയേറ്റ്‌സിനെ ഉപയോഗിച്ചുവെന്നാണ് രിയാദ് സലാമക്കും റജാ സലാമക്കുമെതിരായ ആരോപണം. കേസ് ബെയ്‌റൂത്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുന്നതിനു മുമ്പായി രിയാദ് സലാമയെ നാലു ദിവസം മുന്‍കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുമെന്ന് ജുഡീഷ്യല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒപ്റ്റിമം ഇന്‍വെസ്റ്റുമായുള്ള സെന്‍ട്രല്‍ ബാങ്കിന്റെ ഇടപാടുകളെ കുറിച്ചുള്ള ഹിയറിംഗിന് ശേഷം രിയാദ് സലാമയെ പാലസ് ഓഫ് ജസ്റ്റിസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വന്‍തോതില്‍ ലാഭം നേടുന്നതിന് ട്രഷറി ബോണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും ഒപ്റ്റിമം ഇന്‍വെസ്റ്റുമായി ലെബനോന്‍ സെന്‍ട്രല്‍ ബാങ്ക് ഇടപാടുകള്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍ സെഷനിലേക്ക് കമ്പനിയെ വിളിപ്പിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് രിയാദ് സലാമയുടെ അറസ്റ്റിനെ കുറിച്ച് താന്‍ കേട്ടതെന്നും ഒപ്റ്റിമം ഇന്‍വെസ്റ്റ് സി.ഇ.ഒ റൈന്‍ അബൂദ് പറഞ്ഞു.