ഹായില്‍ – സൗദിയില്‍ ജിസാനില്‍ തുടക്കം കുറിച്ച ചന്ദന കൃഷി പദ്ധതി ഹായില്‍ പ്രവിശ്യയിലേക്കും വ്യാപിപ്പിക്കുന്നു. ജിസാന്‍ മലയോര മേഖലാ വികസന, പുനര്‍നിര്‍മാണ അതോറിറ്റിയാണ് ചന്ദന കൃഷി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഹായിലിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രിയും ജിസാന്‍ മലയോര മേഖലാ വികസന, പുനര്‍നിര്‍മാണ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുല്‍അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നാലു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ചന്ദന കൃഷിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ജിസാനിലെ വിവിധ പ്രദേശങ്ങളില്‍ 3,000 ലേറെ ചന്ദന മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു.
ജിസാന്‍ മലയോര മേഖലാ വികസന, പുനര്‍നിര്‍മാണ അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ ദാഫിര്‍ ബിന്‍ ആയിദ് അല്‍ഫഹാദും ഹായില്‍ പ്രവിശ്യ വികസന അതോറിറ്റി സി.ഇ.ഒ ഉമര്‍ അല്‍അബ്ദുല്‍ ജബ്ബാറും ഹായില്‍ ഗവര്‍ണര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് രാജകുമാരനുമായി ഹായില്‍ ഗവര്‍ണറേറ്റ് ആസ്ഥാനത്തു വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ചന്ദന കൃഷി ഹായിലിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായത്.
ജിസാന്‍ മലയോര മേഖലാ വികസന, പുനര്‍നിര്‍മാണ അതോറിറ്റി കൈവരിച്ച നേട്ടങ്ങളും, കാപ്പിയും ചന്ദനവും അടക്കം ഉയര്‍ന്ന സാമ്പത്തിക പ്രാധാന്യമുള്ള വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഉയര്‍ന്ന സാമ്പത്തിക നേട്ടമുള്ള പുതിയ ഇനങ്ങള്‍ കണ്ടെത്തുന്നതിലും സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന് സജീവ സംഭാവന നല്‍കുന്നതിലും അതോറിറ്റി വഹിക്കുന്ന പങ്കും വ്യക്തമാക്കുന്ന സചിത്ര പ്രദര്‍ശനം നടന്നു. ഇതിനു ശേഷം ആദ്യ ചന്ദനമരം നട്ട് ചന്ദന കൃഷി പദ്ധതി മൂന്നാം ഘട്ടത്തിന് ഹായില്‍ ഗവര്‍ണര്‍ തുടക്കം കുറിച്ചു.
ജിസാന്‍ മലയോര മേഖലാ വികസന, പുനര്‍നിര്‍മാണ അതോറിറ്റി സി.ഇ.ഒയും ഹായില്‍ വികസന അതോറിറ്റി സി.ഇ.ഒയുമായും ഹായില്‍ ഗവര്‍ണര്‍ ചന്ദന കൃഷി പദ്ധതിയെ കുറിച്ച കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്തു. ഹായിലിലെ കാര്‍ഷിക വൈവിധ്യം വര്‍ധിപ്പിക്കാനും സാമ്പത്തികവും സുഗന്ധപരവുമായ മൂല്യത്തിന് പേരുകേട്ട ചന്ദനമരം കൃഷി ചെയ്യുന്നതിന് ഹായിലിലെ കാലാവസ്ഥയും പ്രകൃതിവിഭവങ്ങളും പ്രയോജനപ്പെടുത്താനും എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഗവര്‍ണര്‍ ഊന്നിപ്പറഞ്ഞു.
പുതിയ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്തും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ചും വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ നേടിയെടുത്തും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചന്ദന കൃഷി പദ്ധതി ശ്രമിക്കുന്നു. ജിസാന്‍ മലയോര മേഖലാ വികസന, പുനര്‍നിര്‍മാണ അതോറിറ്റി സൗദിയില്‍ ആദ്യമായി ചന്ദന കൃഷി ആരംഭിക്കുന്നതില്‍ വിജയം കൈവരിച്ചിട്ടുണ്ട്. ജിസാന്‍ യൂനിവേഴ്‌സിറ്റിയുമായും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയുമായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവുമായുമുള്ള പങ്കാളിത്തത്തിലൂടെ ജിസാന്‍ മലയോര മേഖലാ വികസന, പുനര്‍നിര്‍മാണ അതോറിറ്റിയില്‍ നിന്നുള്ള ഗവേഷണ സംഘമാണ് ജിസാനില്‍ ചന്ദന കൃഷി പരിചയപ്പെടുത്തിയത്. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വലിയ വിജയമായിരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ജിസാനിലെ ഏതാനും കൃഷിയിടങ്ങളില്‍ 3,000 ലേറെ ചന്ദന മരങ്ങളാണ് നട്ടുവളര്‍ത്തിയത്.