കൊച്ചി-തനിക്കെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ലെന്ന് നടൻ നിവിൻ പോളി. സത്യമല്ലെന്ന് തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും പ്രശസ്തിക്ക് വേണ്ടിയാകണം പെൺകുട്ടി വ്യാജ പരാതി നൽകിയതെന്നും നിവിൻ പോളി പറഞ്ഞു. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഒളിച്ചോടില്ലെന്നും വ്യക്തമാക്കിയ നിവിൻ പോളി, താൻ ഇതാദ്യമായാണ് ഇത്തരത്തിലൊരു ആരോപണം നേരിടുന്നതെന്നും പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ ഒരു തരത്തിലും അറിയില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിവിൻ പോളി പറഞ്ഞു.
ഒന്നരമാസം മുമ്പു തന്നെ ഇക്കാര്യം പറഞ്ഞ് പോലീസ് വിളിച്ചിരുന്നുവെന്നും വ്യാജ ആരോപണമാണെന്ന് പോലീസ് അന്ന് വ്യക്തമാക്കിയതായും നിവിൻ പറഞ്ഞു. നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തളക്കേണ്ടത് ആവശ്യമാണെന്നും നിവിൻ പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ഈ പരാതിയിൽ പറയുന്ന ഒരാളെ എനിക്ക് അറിയാം. അദ്ദേഹത്തിൽനിന്നും സിനിമക്ക് വേണ്ടി ഫണ്ടു വാങ്ങിയിട്ടുണ്ട്. അല്ലാതെ ഇദ്ദേഹവുമായി മറ്റു ബന്ധമില്ല.
യുവ നടൻ നിവിൻ പോളിക്കെതിരെ യുവതി ഇന്നാണ് ലൈംഗീക പീഡന കേസ് നൽകിയത്. വിദേശത്തുവെച്ചു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഊന്നുകൽ പോലീസ് നിവിൻ പോളിക്കെതിരെ കേസെടുക്കുകയും ചെയ്തു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വിദേശത്ത് വെച്ച് കേസ് നൽകാൻ കഴിയാത്തത് കൊണ്ടാണ് നാട്ടിൽ കേസ് നൽകിയത് എന്നാണ് യുവതി പറയുന്നത്.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് കേസിലെ മറ്റു പ്രതികളും. തിരുവനന്തപുരത്താണ് യുവതി മൊഴി നൽകിയത്. കേസ് പിന്നീട് ഊന്നുകൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഈ കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
നിവിൻ പോളി പുറത്തിറക്കിയ പത്രക്കുറിപ്പ്
എന്റെ പേരിൽ പ്രചരിക്കുന്ന ഒരു വ്യാജ പീഡന വാർത്ത ശ്രദ്ധയിൽ പെട്ടതിൻ്റെ പേരിലാണ് ഈ കുറിപ്പ്. ഈ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരാൻ ഞാൻ ഏതറ്റം വരെയും പോകുന്നതായിരിക്കും. എന്നെ മനസ്സിലാക്കി കൊണ്ടുള്ള നിങ്ങളുടെ ഓരോരുത്തരുടെയും ഫോൺ വിളികൾക്കും മെസ്സേജുകൾക്കും നന്ദി. സത്യം ജയിക്കട്ടെ .