കല്‍പ്പറ്റ: സാഹിത്യകാരനും സാംസ്കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനുമായ വയനാട് നടവയല്‍ ചീങ്ങോട് കൊച്ചുപൂവത്തിങ്കല്‍ ബേബി(കനവ് ബേബി-70)അന്തരിച്ചു. വീടിനു സമീപം കളരിയല്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കള്‍ രാവിലെ 10 മുതല്‍ 12 വരെ നടവയല്‍ സഹകരണ കോളജ് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടോടെ തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി ശാന്തി കവാടത്തിലാണ് സംസ്കാരം.
പൂവത്തിങ്കല്‍ പരേതരായ ജോസഫ്-ത്രേസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ഷേര്‍ലി(മുന്‍ ഇംഗ്ലീഷ് അധ്യാപിക, പഴശിരാജാ കോളജ്, പുല്‍പ്പള്ളി, നടവയല്‍ കല്ലുങ്കല്‍ കുടുംബാംഗം). മക്കള്‍: ഗീതി, ശാന്തി. സഹോദരങ്ങള്‍: മേരിക്കുട്ടി, പരേതരായ പാപ്പച്ചന്, അപ്പച്ചന്, തങ്കമ്മ.
നാടകകാരന്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്, വിദ്യാഭ്യാസ പ്രവര്ത്തകന് എന്നീ നിലകളില്‍ കേരളത്തിനു അകത്തും പുറത്തും ശ്രദ്ധേയനായിരുന്നു ബേബി. പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയതാണ് അദ്ദേഹം രചിക്കുകയും തെരുവോര അവതരണത്തിനു നേതൃത്വം നല്‍കുകയും ചെയ്ത നാടുഗദ്ദിക എന്ന നാടകം. ബേബിയുടെ സര്‍ഗപ്രതിഭ പ്രകാശിക്കുന്നതാണ് അദ്ദേഹം എഴുതിയ മാവേലിമന്റം എന്ന നോവല്‍. ആദിവാസി ജീവിതം ഇതിവൃത്തമാക്കിയ ഈ രചനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ബസ്പുര്‍ക്കാന, ഗുഡ്ബൈ മലബാര്‍ എന്നിവയും ബേബിയുടെ രചനകളാണ്. ഏറ്റവും ഒടുവില്‍ പ്രസിദ്ധമായതാണ് ഗുഡ്ബൈ മലബാര്‍ എന്ന നോവല്‍. പട്ടികവര്‍ഗത്തിലെ കാട്ടുനായ്ക്ക പെണ്‍കുട്ടികളുടെ തിരണ്ടുകല്യാണം പ്രമേയമാക്കി ‘ഗുഡ’ എന്ന പേരില്‍ 2003ല്‍ ബേബി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ചീങ്ങോട് ഗ്രാമത്തില്‍ ബേബിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് ‘കനവ്’ ബദല്‍ വിദ്യാഭ്യാസ കേന്ദ്രം. പട്ടികവര്‍ഗ കുട്ടികളുടെ തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസവും സാംസ്കാരിക ഉന്നമനവും ലക്ഷ്യമിട്ട് ആരംഭിച്ച കനവിന്റെ പേരും ചേര്‍ത്താണ് ബേബി പതിറ്റാണ്ടുകളോളം അറിയപ്പെട്ടത്.