മദീന – കനത്ത മഴയില്‍ മദീനയില്‍ റോഡുകള്‍ തകര്‍ന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മദീനയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മദീന, അല്‍ഹനാകിയ, വാദി അല്‍ഫറഅ് എന്നിവിടങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
കഴിഞ്ഞ ദിവസം സൗദിയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് മദീനയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ശനിയാഴ്ച രാവിലെ ഒമ്പതു വരെയുള്ള സമയത്ത് മക്ക, മദീന, അല്‍ഖസീം, അസീര്‍, തബൂക്ക്, ജിസാന്‍, നജ്‌റാന്‍, അല്‍ബാഹ എന്നീ എട്ടു പ്രവിശ്യകളില്‍ മഴപെയ്തതായി 41 കാലാവസ്ഥാ നിരീക്ഷണ നിലയങ്ങള്‍ രേഖപ്പെടുത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മദീന അല്‍മതാര്‍ ഡിസ്ട്രിക്ടിലാണ്.
ഇവിടെ 35.2 മില്ലീമീറ്റര്‍ മഴ പെയ്തു. മക്കക്കു സമീപം ലൈത്തിലെ യലംലം മീഖാത്തില്‍ 17.4 മില്ലീമീറ്ററും ലൈത്ത് അണക്കെട്ടില്‍ എട്ടു മില്ലീമീറ്ററും അല്‍ഖസീമിലെ ഉഖ്‌ലത്തുസ്സുഖൂറില്‍ 1.8 മില്ലീമീറ്ററും അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍നമാസിലെ ബനീഉമറില്‍ 16.6 മില്ലീമീറ്ററും അല്‍നമാസിലെ ബനീ അംറില്‍ 9.6 മില്ലീമീറ്ററും തബൂക്ക് പ്രവിശ്യയിലെ അല്‍മഅ്ദമില്‍ 3.4 മില്ലീമീറ്ററും ജിസാനിലെ റൈഥിനു സമീപം ജബല്‍ അല്‍അസ്‌വദില്‍ 7.2 മില്ലീമീറ്ററും അല്‍ദായിറില്‍ 1.8 മില്ലീമീറ്ററും നജ്‌റാനിലെ ബദ്ര്‍ അല്‍ജുനൂബില്‍ 0.6 മില്ലീമീറ്ററും അല്‍ബാഹയില്‍ പെട്ട മന്ദഖിനു സമീപം ബല്‍ഖസ്മറില്‍ 28.6 മില്ലീമീറ്ററും അല്‍ബാഹയിലെ ശബര്‍ഖയില്‍ 12.4 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.