ന്യൂഡൽഹി: നാലാമതും പെൺകുഞ്ഞ് പിറന്നതിന് പിന്നാലെ കുഞ്ഞിനെ ടെറസിലേക്ക് എറിഞ്ഞു കൊന്ന് യുവതി. ആറുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൊന്ന് ശരീരം ബാഗിലാക്കി സമീപത്തെ ടെറസിലേക്കു വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ പരിഹാസം ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് 28-കാരിയുടെ വെളിപ്പെടുത്തൽ.
ഡൽഹിയിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുണ്ടായതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ അഞ്ചരയ്ക്കാണ് പോലീസ് കണ്ട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഉടനെ പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ മുന്നോട്ടു നീക്കുകയായിരുന്നു.
തലേ ദിവസമാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. പുലർച്ചെ രണ്ടു മണിക്കും കുഞ്ഞിനെ മുലയൂട്ടിയിരുന്നു. നാലരയ്ക്ക് നോക്കിയപ്പോൾ കുഞ്ഞിനെ കാണുന്നില്ലെന്നാണ് ഇവർ ആദ്യം പോലീസിനോടു പറഞ്ഞത്. എന്നാൽ, പോലീസ് സമീപത്ത് തിരച്ചിൽ ആരംഭിച്ചതോടെ കുഞ്ഞിന്റെ അമ്മ ആശുപത്രിയിൽ പോവണമെന്നായി. സ്റ്റിച്ച് എടുക്കാനാണെന്നും പറഞ്ഞു. ഇത് സംശയത്തിന് ഇടയാക്കിയെങ്കിലും ഇവരെ ആശുപത്രിയിൽ പോകാൻ അനുവദിച്ച് പോലീസ് പരിശോധന തുടരുകയായിരുന്നു. തുടർന്നാണ് സമീപത്തെ ടെറസിൽ ബാഗിലാക്കിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വിശദീകരിച്ചു.
കുഞ്ഞിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ച് മൊഴി നൽകി. നാലാമതും പെൺകുഞ്ഞ് പിറന്നതിൽ സമൂഹത്തിലെ പരിഹാസം ഭയന്നാണ് കൊല നടത്തിയതെന്നാണ് ഇവർ പ്രതികരിച്ചത്. നേരത്തെ ജനിച്ച രണ്ടു കുട്ടികളും വ്യത്യസ്ത സാഹചര്യങ്ങളിൽ മരിച്ചിരുന്നു.
രാത്രി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തി ബാഗിലാക്കി ടെറസിൽ എറിഞ്ഞു. വീട്ടുകാർ അറിയുന്നതിനു മുമ്പ് കുഞ്ഞിനെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നുവെന്നും പറയപ്പെടുന്നു. സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.