തബൂക്ക് – സൗദിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ എത്തിയ ആദ്യ ബാച്ച് ചൈനീസ് അധ്യാപകര്‍ക്ക് തബൂക്കില്‍ ഊഷ്മള സ്വീകരണം. പൂച്ചെണ്ടുകളും കാപ്പിയും ചോക്കലേറ്റും പലഹാരങ്ങളും വിതരണം ചെയ്ത് ചൈനീസ് അധ്യാപകരെ തബൂക്ക് വിദ്യാഭ്യാസ വകുപ്പ് തബൂക്ക് പ്രിന്‍സ് സുല്‍ത്താന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തബൂക്ക് വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അമല്‍ അല്‍അനസി, എജ്യുക്കേഷനല്‍ പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ഹാരിസി എന്നിവര്‍ അടക്കം തബൂക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ ചൈനീസ് അധ്യാപകരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ഊഷ്മളമായ സ്വീകരണത്തില്‍ ചൈനീസ് അധ്യാപകര്‍ സന്തോഷം പ്രകടിപ്പിച്ചു. തബൂക്ക് വിദ്യാഭ്യാസ വകുപ്പ് മേധാവി മാജിദ് അല്‍ഖുഅയ്ര്‍ ചൈനീസ് അധ്യാപകരെ തബൂക്കിലേക്ക് സ്വാഗതം ചെയ്തു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ച് എല്ലാ വശങ്ങളിലും വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്ന നിലക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസൃതമായി ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ തബൂക്ക് വിദ്യാഭ്യാസ വകുപ്പ് സുസജ്ജമാണെന്നും മാജിദ് അല്‍ഖുഅയ്ര്‍ പറഞ്ഞു.
ഈ വര്‍ഷം മുതല്‍ സൗദിയിലെ തെരഞ്ഞെടുത്ത പ്രവിശ്യകളിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സെക്കണ്ടറി സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും ചൈനീസ് പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ ചൈനയുമായി വ്യാപാര സാംസ്‌കാരിക, ടൂറിസ, വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ അടക്കം അടുത്ത ബന്ധം സ്ഥാപിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ചൈനീസ് പഠിപ്പിക്കുന്നത്.
ഇന്റര്‍മീഡിയറ്റ് തലത്തില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷത്തില്‍ ചൈനയില്‍ നിന്ന് നിരവധി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി ഇവര്‍ക്ക് ചൈനയില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.