മലപ്പുറം- പി.വി അൻവർ എം.എൽ.എയും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടും തമ്മിൽ ഏറെ നാളുകളായി ശീതസമരം നിലനിൽക്കുകയാണ്. ഇതിലെ അവസാനത്തെ എപ്പിസോഡാണ് ഇന്ന് രാവിലെ എസ്.പി ഓഫീസിന് മുന്നിൽ നടന്നത്. എസ്.പിക്ക് എതിരെ ബാനർ അച്ചടിച്ചാണ് എം.എൽ.എ ഏകനായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു സമരം നടത്തിയത്. സമരത്തിന് പുറമെ, എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗൗരവമേറിയ ആരോപണവും അൻവർ ഉയർത്തി. രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അൻവറിന്റെ ആരോപണം. അൻവറുമായി ബന്ധപ്പെട്ട ഉത്തരവിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. അൻവർ എം.എൽ.എ യുടെ 60 ലക്ഷത്തിന്റെ റോപ്പ് കട്ട കള്ളന്മാർക്ക് നന്ദി എന്നു പറഞ്ഞാണ് നവാസ് കുറിപ്പ് തുടങ്ങുന്നത്.
മലപ്പുറം എസ്.പിയെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് ചില ആരോപണങ്ങൾ ഞങ്ങൾ ഉന്നയിച്ചിരുന്നു. എ.എസ്.ഐ ശ്രീകുമാറിൻ്റെ മരണത്തിൽ പങ്കുണ്ട്, ആത്മഹത്യ കുറിപ്പ് അടങ്ങിയ ഡയറി നശിപ്പിച്ചു, താനൂർ കസ്റ്റഡി കൊലപാതകത്തിൽ പങ്ക്, താനൂർ ബോട്ടപകടം അട്ടിമറിക്കാൻ നേതൃത്വം നൽകി, മലപ്പുറത്ത് ആസൂത്രിതമായി കേസുകൾ കെട്ടിച്ചമച്ച് ക്രിമിനൽ ജില്ലയാക്കാൻ ശ്രമിച്ചു, കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പ ചുമത്തി നാടുകടത്തുന്ന ജില്ലയായി മലപ്പുറത്തെ മാറ്റുന്നു, കോട്ടക്കൽ സ്റ്റേഷനിൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി അനധികൃത പണം പിരിക്കുകയും പോക്കറ്റിലാക്കുകയും ചെയ്തു, കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഭാര്യയുടെ പ്രസവം കഴിഞ് നാട്ടിലേക്ക് കുട്ടിയേയും അമ്മയെയും കൊണ്ടു പോകുന്ന വഴിക്ക് മലപ്പുറം ജില്ലയിലെ എല്ലാ അങ്ങാടിയിലും പോലീസിന് നിർത്തി വിഐപി പരിഗണന കൊടുക്കുന്ന അല്പത്തരം കാണിച്ചു, മലപ്പുറം എം എസ് പി സ്കൂളിലെ അധ്യാപക നിയമനത്തിൽ വൻ തുക കോഴ വാങ്ങി, എസ് പിയുടെ ക്യാമ്പ് ഓഫീസിനകത്ത് നിന്ന് മരങ്ങൾ മുറിച്ച് സ്വന്തമായി ഫർണിച്ചർ ഉണ്ടാക്കുകയും, പുറത്തേക്ക് വിൽക്കാൻ നേതൃത്വം നൽകുകയും ചെയ്തു, ജില്ലയിൽ കൃത്രിമമായി കഞ്ചാവ് കേസുകൾ ഉണ്ടാക്കുകയും എറണാകുളം റൂറൽ എ.എസ്.പി ആയ സമയത്ത് ഇത്തരം കള്ള കേസുണ്ടാക്കി ആറു ചെറുപ്പക്കാരുടെ ജീവിതം തകർത്തു, മോൺസൻ മാവുങ്ങലെന്ന ഭൂലോക ഫ്രോഡുമായി അടുത്ത ബന്ധം തുടങ്ങിയ ആരോപണങ്ങളാണ് ഞങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിനെല്ലാം പിറകിൽ സി.പി.എം ജില്ലാ കമ്മറ്റി അംഗമായ അനിൽ ആണെന്നും എല്ലാ കച്ചവടത്തിൻ്റെയും ഒരു ഓഹരി പറ്റിയത് അനിലാണെന്നും ഞങ്ങൾ വ്യക്തമാക്കിയിരുന്നു. ഗുരുതരമായ ആരോപണം ഉന്നയിച്ചപ്പോൾ, രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ ഭരണപക്ഷവും ഭരണപക്ഷ എം.എൽ.എ മാരും ഇപ്പോൾ സ്വന്തം പോസ്റ്റിൽ ഗോളടിച്ച് പക വീട്ടുകയാണെന്നും നവാസ് ആരോപിച്ചു.
അൻവർ എം.എൽ.എ യുടെ ഈ പോരാട്ടത്തിന് കാരണം ഒന്നേ ഒന്ന് മാത്രം “ഭരണപക്ഷ എം.എൽ.എ ആയ തന്റെ അമ്യൂസ്മെൻ്റ് പാർക്കിൽ നിന്ന് 60 ലക്ഷത്തിൻ്റെ റോപ്പ് കാണാതായിട്ട് നൽകിയ പരാതിയിൽ അന്വേഷണം നടത്തി റോപ്പ് കണ്ടെത്തിയില്ല. എന്നതാണ്. ഒരു വർഷം മുമ്പ് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ഈ ചക്കളത്തി പോരിൽ പുറത്ത് വന്നതിൽ സന്തോഷം.
പിണറായി വിജയന്റെ ഒരു ഫോൺകോളിൽ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ എസ്.പിയുടെ അങ്കിൾ ബന്ധത്തെ പറ്റി ഞങൾ പറയുന്നുണ്ട്. എങ്കിലും പറയാം ഉന്നത പോലീസ് മേധാവിക്കെതിരെയുള്ള കൊലപാതകം മുതൽ കട്ടെടുക്കൽ വരെയുള്ള ആരോപണങ്ങളും തെളിവുകളും ഉള്ള സ്ഥിതിക്ക് അദ്ദേഹത്തിനും ഇതിൽ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന ഡിവൈ.എസ്.പിമാർ ഈ കേസുകൾ അട്ടിമറിക്കാൻ കൂട്ട് നിന്ന എസ്.ഐ, സി.ഐ മാർ എന്നിവരെയും ചേർത്ത് അന്വേഷണത്തിന് തയ്യാറാകണമെന്നും അന്വേഷണ സംഘത്തിൻ്റെ മുന്നിൽ ആവശ്യമുള്ള തെളിവുകൾ നൽകാൻ തയ്യാറാണെന്നും പി.കെ നവാസ് പറഞ്ഞു.