ജിദ്ദ – റെഡ്‌സീ പദ്ധതി പ്രദേശത്തെ ശിബാര ദ്വീപില്‍ ജലവിമാനങ്ങള്‍ക്കുള്ള വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ റെഡ്‌സീ ഗ്ലോബല്‍ കമ്പനിക്ക് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് അനുവദിച്ചു. സൗദിയിലെ രണ്ടാമത്തെ വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ് ആണിത്. റെഡ്‌സീ പദ്ധതി പ്രദേശത്തെ ഉമ്മഹാത്ത് ദ്വീപില്‍ സ്ഥാപിച്ച വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പിന് നേരത്തെ അതോറിറ്റി ലൈസന്‍സ് നല്‍കിയിരുന്നു. വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ മുഴുവന്‍ വ്യവസ്ഥകളും പാലിച്ചതിനെ തുടര്‍ന്നാണ് ശിബാര ദ്വീപിലെ വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പിന് അതോറിറ്റി ലൈസന്‍സ് അനുവദിച്ചത്.
ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിന്റെയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലജിന്റെയും സാന്നിധ്യത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനിലെ വ്യോമയാന സുരക്ഷാ, പരിസ്ഥിതി സുസ്ഥിരതാ കാര്യങ്ങള്‍ക്കുള്ള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സുലൈമാന്‍ അല്‍മുഹൈമിദിയാണ് റെഡ്‌സീ ഡെസ്റ്റിനേഷനില്‍ വെച്ച് റെഡ്‌സീ ഗ്ലോബല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോക്ക് ലൈസന്‍സ് കൈമാറിയത്.
നിക്ഷേപത്തിന് ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കാനും എല്ലാവിധ പിന്തുണകളും നല്‍കാനും അതോറിറ്റി നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ശിബാര ദ്വീപിലെ വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പിന് ലൈസന്‍സ് കൈമാറുന്നതെന്ന് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലജ് പറഞ്ഞു. സൗദി വിഷന്‍ 2030 ന് അനുയോജ്യമായ വ്യോമയാന മേഖലാ തന്ത്രത്തിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി അതോറിറ്റി നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നു. വ്യോമയാന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും നിരന്തരം ഉറപ്പാക്കാനും മധ്യപൗരസ്ത്യദേശത്ത് മുന്‍നിര സ്ഥാനം കൈവരിക്കാനും അതോറിറ്റി ശ്രമിക്കുന്നതായും അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലജ് പറഞ്ഞു.
ശിബാര റിസോര്‍ട്ട് വൈകാതെ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും ഈ ദിശയിലെ പ്രധാന ചുവടുവെപ്പാണ് ഈ ലൈസന്‍സ് എന്നും റെഡ്‌സീ ഗ്ലോബല്‍ ഗ്രൂപ്പ് സി.ഇ.ഒ പറഞ്ഞു. അസാധാരണമായ ഒരു അനുഭവം ആസ്വദിക്കാനുള്ള അവസരമെന്നോണം സവിശേഷമായ ഈ റിസോര്‍ട്ടിലേക്കും തിരിച്ചും സന്ദര്‍ശകരെ എത്തിക്കാന്‍ ഫ്‌ളൈ റെഡ്‌സീ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തും. സൗദിയില്‍ സീപ്ലെയിനുകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാന കമ്പനിയായി ഫ്‌ളൈ റെഡ്‌സീ മാറുന്നതിലും ഇതുവരെ സൗദിയില്‍ ലൈസന്‍സ് ലഭിച്ച രണ്ടു വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പുകളും കമ്പനിയുടെ ഉടമസ്ഥയിലാണെന്നതിലും ജോണ്‍ പഗാനോ അഭിമാനം പ്രകടിപ്പിച്ചു. സൗദിയില്‍ ടൂറിസം, വ്യോമയാന മേഖലകളില്‍ റെഡ്‌സീ ഗ്ലോബലിന്റെ മുന്‍നിര സ്ഥാനം ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നും പഗാനോ പറഞ്ഞു.
വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പുകളും സീപ്ലെയിനുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഫ്‌ളൈ റെഡ് സീ എന്ന പേരില്‍ റെഡ്‌സീ ഗ്ലോബല്‍ കമ്പനി പ്രത്യേക കമ്പനി സ്ഥാപിച്ചിട്ടുണ്ട്. റെഡ്‌സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് ഫ്‌ളൈ റെഡ്‌സീ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഉമ്മഹാത്ത് ദ്വീപിലെ ജലവിമാനത്താവളത്തിലേക്കും തിരിച്ചുമായി 520 ലേറെ സര്‍വീസുകള്‍ ഫ്‌ളൈ റെഡ്‌സീ കമ്പനി ഇതിനകം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒന്നും രണ്ടും പാദങ്ങളില്‍ 1,200 ലേറെ യാത്രക്കാര്‍ക്ക് ഫ്‌ളൈ റെഡ്‌സീ സേവനം നല്‍കി. ഈ വര്‍ഷം 3,800 ലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫ്‌ളൈ റെഡ്‌സീ കമ്പനിക്കു കീഴില്‍ നിലവില്‍ സെസ്‌ന കാരവന്‍-208 ഇനത്തില്‍ പെട്ട നാലു സിംഗിള്‍ എന്‍ജിന്‍ വിമാനങ്ങളുണ്ട്. 2030 ഓടെ വിമാനങ്ങളുടെ എണ്ണം 30 ആയി ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു.