റിയാദ് – സൗദിയില്‍ വിവിധ സേനാ വിഭാഗങ്ങളുടെ തലപ്പത്ത് അഴിച്ചുപണികള്‍ നടത്തി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവുകളിറക്കി. സംയുക്ത സേനാ കമാണ്ടര്‍ പദവിയില്‍ നിന്ന് ലെഫ്. ജനറല്‍ മുത്‌ലഖ് അല്‍അസൈമഇനെ മാറ്റി. പകരം ഇദ്ദേഹത്തെ റോയല്‍ കോര്‍ട്ടില്‍ ലെഫ്. ജനറല്‍ റാങ്കോടെ ഉപദേഷ്ടാവായി നിയമിച്ചു. നാവികസേനാ മേധാവി ലെഫ്. ജനറല്‍ ഫഹദ് അല്‍ഗുഫൈലിയെ തല്‍സ്ഥാനത്തു നിന്ന് നീക്കി. പകരം ജനറല്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ആയി ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. കരസേനാ മേധാവി ലെഫ്. ജനറല്‍ ഫഹദ് അല്‍മുതൈറിനെ തല്‍സ്ഥാനത്തു നിന്ന് ഒഴിവാക്കി പ്രതിരോധ മന്ത്രിയുടെ ഓഫീസില്‍ ഉപദേഷ്ടാവായി നിയമിച്ചു.
മേജര്‍ ജനറല്‍ ഫഹദ് അല്‍സല്‍മാനെ ലെഫ്. ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി സംയുക്ത സേനാ കമാണ്ടറായി നിയമിച്ചു. മേജര്‍ ജനറല്‍ ഫഹദ് അല്‍ജുഹനിയെ ലെഫ്. ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി കരസേനാ മേധാവിയായും മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ഗുറൈബിയെ ലെഫ്. ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി നാവികസേനാ മേധാവിയായും നിയമിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റ് ഉപദേഷ്ടാവ് പദവിയില്‍ നിന്ന് സമീര്‍ അല്‍ത്വബീബിനെ ഒഴിവാക്കി പ്രതിരോധ മന്ത്രാലയത്തില്‍ ഉപദേഷ്ടാവായി നിയമിച്ചിട്ടുമുണ്ട്.