ജിദ്ദ – സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ റെയ്ദാന്‍ റെസ്‌റ്റോറന്റ്‌സിന്റെ ഉടമകളായ റെയ്ദാന്‍ ഫുഡ്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അടക്കം 14 പേരെ ഓഹരി തട്ടിപ്പ് കേസില്‍ സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിക്കു കീഴിലെ അപ്പീല്‍ കമ്മിറ്റി ശിക്ഷിച്ചു. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കാണ് ശിക്ഷ. തട്ടിപ്പുകളിലൂടെ ഓഹരിയുടമകള്‍ക്ക് നേരിട്ട നഷ്ടമായ 7.748 കോടി റിയാല്‍ ഇവര്‍ തിരിച്ചടക്കണമെന്ന് വിധിയുണ്ട്. കൂടാതെ ഇവര്‍ക്ക് 5.06 കോടി റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് 11 പ്രതികള്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. പ്രതികളില്‍ നാലു പേരെ 90 ദിവസം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, കമ്പനിയുടെ ആസ്തി മൂല്യങ്ങളിലുണ്ടായ ഇടിവും തത്ഫലമായുണ്ടായ നഷ്ടങ്ങളും കണക്കില്‍ കാണിക്കാതിരിക്കല്‍, നിയമ ലംഘനങ്ങള്‍ ഉള്‍പ്പെട്ടതായി അറിഞ്ഞുകൊണ്ടു തന്നെ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ അംഗീകരിക്കല്‍, അല്‍ജോന കമ്പനിയില്‍ റെയ്ദാന്‍ ഫുഡ്‌സ് നടത്തിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഫലങ്ങള്‍ വിലയിരുത്താതിരിക്കല്‍, കമ്പനിക്കു പുറത്തു നിന്നുള്ള ഓഡിറ്റര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും കമ്പനി ആസ്തി മൂല്യങ്ങള്‍ കുറഞ്ഞതു മൂലമുള്ള നഷ്ടങ്ങള്‍ വെളിപ്പെടുത്താത്ത നിലക്ക് തയാറാക്കിയ മൂന്നു വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ അംഗീകരിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇവരെ ശിക്ഷിച്ചത്.