റിയാദ്- തലസ്ഥാന നഗരിക്ക് ഉത്സരാവുകള്‍ സമ്മാനിച്ച് റിയാദ് സീസണ്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഇതോടനുബന്ധിച്ച് സെപ്തംബര്‍ 27ന് ആഫ്രിക്കന്‍ സൂപര്‍ കപ്പ് നടക്കും. 14 വിനോദ മേഖലകള്‍, 11 ലോക ചാമ്പ്യന്‍ഷിപ്പുകള്‍, 10 എക്‌സിബിഷനുകള്‍, 4200 കരാറുകള്‍, 2100 കമ്പനികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്ന റിയാദ് സീസണ്‍ 7.2 മില്യന്‍ ചതുരശ്രമീറ്റര്‍ പ്രദേശത്താണ് സംഘടിപ്പിക്കുന്നത്.
കിങ്ഡം അറീന രണ്ടു ലക്ഷം സന്ദര്‍ശകരെ ഉള്‍ക്കൊള്ളുന്ന വിധം 40 ശതമാനം അധിക ശേഷി കൈവരിച്ചിട്ടുണ്ട്. ഇവിടെ നാലു അന്താരാഷ്ട്ര പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. ഒമ്പതിനായിരം സന്ദര്‍ശകരെ പ്രതിദിനം സ്വീകരിക്കാന്‍ ശേഷിയുള്ള പഴയ വിമാനങ്ങളുടെ ഷോയുമായി ബോളിവാഡ് റണ്‍വേ ഏരിയ ഇക്കുറി പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.
ബോളിവാഡ് വേള്‍ഡില്‍ സൗദി, തുര്‍ക്കി, ആഫ്രിക്ക, ഇറാന്‍ അടക്കം അഞ്ചു ഏരിയകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 21 പ്രോഗ്രാമുകള്‍ നടക്കും. ഒട്ടക സവാരി, ഫാല്‍ക്കന്‍ ഷോ, ക്യാംപിംഗ്, ഡെസേര്‍ട്ട് കാറുകള്‍ എന്നിവക്ക് ഡൂണ്‍സ് ഓഫ് അറേബ്യ മേഖലയില്‍ സംവിധാനം ഏര്‍പ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 350000 വേട്ട നായകള്‍ പങ്കെടുക്കുന്ന അഞ്ച് ഡോഗ് ചാമ്പ്യന്‍ഷിപ്പ് ബോളിവാഡ് സിറ്റിയില്‍ അരങ്ങേറും. 161 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള റിയാദ് മൃഗശാലയില്‍ സന്ദര്‍ശനം സൗജന്യമാണ്. കഴിഞ്ഞ വര്‍ഷം കരിഞ്ചന്തയില്‍ ടിക്കറ്റ് വിറ്റവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
റിയാദ് സീസണ്‍ ടിക്കറ്റ് വില്‍ക്കുന്ന വി ബുക്ക് ആപ്ലിക്കേഷന്‍ വഴി 45 മില്യന്‍ വരുമാനം കഴിഞ്ഞ വര്‍ഷം ലഭിച്ചു. ലോകപ്രശസ്ത ടെന്നീസ് താരങ്ങളെ പങ്കെടുപ്പിച്ച് ദ വെന്യു ഏരിയയില്‍ ടെന്നീസ് ടൂര്‍ണമെന്റ് റിയാദ് സീസണിന്റെ പ്രധാനപരിപാടികളിലൊന്നാണ്. 50 ദിവസം കൊണ്ടാണ് ഈ ഏരിയ നിര്‍മിച്ചത്. അഞ്ചാമത് ജോയ് അവാര്‍ഡ്‌സ്, പവര്‍ സ്ലാപ്, ലാറ്റിന്‍ നൈറ്റ് അടക്കം വിവിധ ഫാഷന്‍ പരിപാടികള്‍, എഫീ അവാര്‍ഡ്‌സ്, യുഎഫ്‌സി ചാമ്പ്യന്‍ഷിപ്പ്, ക്രൗണ്‍ ജ്വല്‍ ഗുസ്തി മത്സരം എന്നീ ജനപ്രിയ പരിപാടികള്‍ റിയാദ് സീസണിന്റെ ഭാഗമായിരിക്കും. ബോളിവാഡ് സിറ്റിക്ക് സമീപമാണ് സൗദി എയര്‍ലൈന്‍സുമായി സഹകരിച്ച് ബോളിവാഡ് റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. ബോയിംഗ് 777ന്റെ മൂന്ന് വലിയ വിമാന റെസ്‌റ്റോറന്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.