മലപ്പുറം- വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുസ്ലിം ലീഗ് സ്വരൂപിക്കുന്ന ഫണ്ട് മുപ്പതു കോടി കവിഞ്ഞു. പ്രത്യേക ആപ്പിലൂടെ മുസ്ലിം ലീഗ് പിരിച്ചെടുക്കുന്ന തുകയാണ് ഇതോടകം മുപ്പത് കോടി കവിഞ്ഞത്. മുപ്പതുകോടിയും പിന്നിട്ട് വയനാടിന് വേണ്ടി നമ്മൾ സ്വരൂപിക്കുന്ന വിശ്വാസ നിധി മുന്നോട്ടുപോകുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു. ഫോര്‍ വയനാട് എന്ന പേരില്‍ പാര്‍ട്ടി ആരംഭിച്ച ധനസാഹരണ യജ്ഞത്തില്‍ മുസ്‌ലിം ലീഗുകാര്‍ അല്ലാത്തവരും പങ്കാളികളാണ്. അടുത്ത ഘട്ടങ്ങളിലൂടെ ദുരന്തബാധിതരുടെ സമ്പൂര്‍ണ പുനരധിവാസമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള മുസ്ലിം ലീഗ് കഴിഞ്ഞദിവസം മൂന്നാംഘട്ട സഹായം വിതരണം ചെയ്തിരുന്നു. ദുരന്ത ബാധിതരായ 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതവും വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 54 വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ദുരന്തത്തില്‍ നഷ്ടമായതിനു പകരം നാലു പേര്‍ക്ക് ജീപ്പും മൂന്നു പേര്‍ക്ക് ഓട്ടോറിക്ഷയും ലഭ്യമാക്കി. സ്‌കൂട്ടര്‍ വിതരണവും മൂന്നാംഘട്ട സഹായത്തിന്റെ ഭാഗമായി നടത്തി. മേപ്പാടി പൂത്തകൊല്ലി മദ്രസ ഓഡിറ്റോറിയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുസ്‌ലിംലീഗ് യുഎഇയിലെ വിവിധ കമ്പനികളില്‍ ജോലി ലഭ്യമാക്കുമെന്ന് പാര്‍ട്ടി ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എംഎല്‍എ വ്യക്തമാക്കി. യുഎഇ കെഎംസിസിയാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുന്നത്. വിദേശത്ത് ജോലിക്കു 55 അപേക്ഷകള്‍ ലഭിച്ചു. അഭിമുഖം നടത്തി 48 പേരെ ഷാര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവര്‍ക്ക് ജോലി ലഭ്യമാക്കും. ദുരന്തബാധിതര്‍ക്ക് നിയമസഹായം നല്‍കുന്നതിന് ലീഗല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ടതില്‍ 100 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ കുറയാതെ സ്ഥലവും 15 ലക്ഷം രൂപ ചെലവില്‍ ഭവനവും നല്‍കും. വീട് നിര്‍മാണത്തിന് ഭൂമി കണ്ടെത്തുന്നതിനു ശ്രമം തുടങ്ങി. ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ഭവന പദ്ധതി 2025 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.