കൊച്ചി- മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ കൂട്ടരാജി മുഴുവൻ അംഗങ്ങളുടെയും യോജിച്ചുള്ള തീരുമാനമായിരുന്നില്ലെന്ന് ആരോപണവുമായി എക്സിക്യൂട്ടിവ് അംഗങ്ങൾ രംഗത്ത്. എക്സിക്യൂട്ടീവ് അംഗം സരയൂ മോഹന്‍, നടന്‍മാരായ ടൊവിനോ തോമസ്, വിനു മോഹന്‍, നടി അനന്യ എന്നിവരാണ് വിയോജിപ്പുമായി രംഗത്തെത്തിയത്. അമ്മയിലെ കൂട്ടരാജിയിൽ ആശങ്കയുണ്ടായിരുന്നുവെന്ന് നടൻ വിനു മോഹൻ പറഞ്ഞു. അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് നൽകുന്ന കൈനീട്ടം പദ്ധതി മുടങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും പിന്നീട് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചുവെന്നും വിനുമോഹൻ പറഞ്ഞു.
അമ്മ ഭരണസമിതി പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും തെറ്റു ചെയ്യാതെ ഭയന്നോടുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും എക്സിക്യൂട്ടിവ് അംഗം സരയുവും രാജി വയ്ക്കാനുള്ള തീരുമാനം അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് നടി കുക്കു പരമേശ്വരനും വ്യക്തമാക്കി. അതേസമയം, ഭൂരിപക്ഷ അഭിപ്രായപ്രകാരം എല്ലാവരുടെയും രാജി പ്രഖ്യാപിച്ചതിനാൽ ഇനി മറ്റൊന്നും ചെയ്യാനില്ലെന്നും വിയോജിപ്പുളള അംഗങ്ങൾ പറയുന്നു.
മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദൻ, അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങൾ. ഇവരാണ് ഇന്നലെ ഒറ്റയടിക്ക് രാജിവെച്ചത്. ജനറൽ സെക്രട്ടറി സിദ്ദീഖ് നേരത്തെ തന്നെ രാജിവെച്ചിരുന്നു.