ജിദ്ദ – സൗദി സമൂഹത്തിന് അപകീര്‍ത്തിയുണ്ടാക്കിയ മലയാള സിനിമ ആടുജീവിതത്തില്‍ വേഷമിട്ടതിന് ജോര്‍ദാനി നടന്‍ ആകിഫ് നജം സൗദികളോട് ക്ഷമാപണം നടത്തി. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ്, അഭിപ്രായങ്ങളിലും ധാരണകളിലും ആശയക്കുഴപ്പം സൃഷ്ടിച്ച സിനിമയില്‍ താന്‍ പങ്കാളിത്തം വഹിച്ചതെന്ന് ആകിഫ് നജം പ്രസ്താവനയില്‍ പറഞ്ഞു. കഥയിലെ നായകന്‍ മരുഭൂമിയില്‍ വഴിതെറ്റുന്നതും ഒരു ധീരനായ സൗദി പൗരന്‍ നായകനെ രക്ഷിക്കുന്നതുമാണ് ചിത്രം പറയുന്നത്.
സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചത്. തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് അത് നെഗറ്റീവ് സൗദി മോഡലുകള്‍ അവതരിപ്പിക്കുന്നതായി മനസ്സിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും താന്‍ അതില്‍ പങ്കെടുക്കില്ലായിരുന്നു. ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. സൗദി ജനത എക്കാലവും തങ്ങളുടെ കുടുംബവും അഭിമാനവും പ്രിയപ്പെട്ടവരുമായി നിലനില്‍ക്കും. ആടുജീവിതത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ആടുജീവിതത്തിന്റെ കഥ വളച്ചൊടിച്ചതാണെന്ന് ദീവാന്‍ അല്‍മുല്ല പ്രോഗ്രാമില്‍ പങ്കെടുത്ത് സൗദി നോവലിസ്റ്റ് അബ്ദുറഹ്മാന്‍ അല്‍ദുവൈലജ് പറഞ്ഞു. യഥാര്‍ഥ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് അക്കാലത്ത് സൗദി സദസ്സുകളില്‍ ചര്‍ച്ചയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് അല്‍അജാവീദ് പ്രോഗ്രാമില്‍ പങ്കെടുത്ത് ഈ കഥ ഞാന്‍ വിവരിച്ചിരുന്നു. ഇന്ത്യക്കാരന്‍ ജോലി ചെയ്തിരുന്ന ആള്‍ അവന്റെ സ്‌പോണ്‍സറായിരുന്നില്ല. ഇന്ത്യക്കാരനെ എയര്‍പോര്‍ട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് തൊഴിലുടമ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മനുഷ്യര്‍ നിലനില്‍ക്കുന്നിടത്തെല്ലാം കുറ്റകൃത്യവും നിലനില്‍ക്കുന്നു. കുറ്റകൃത്യം അത് ചെയ്യുന്നവനെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. മുഴുവന്‍ ജനങ്ങളെയും ഇത് പ്രതിനിധീകരിക്കുന്നില്ല.
ആടുജീവിതത്തിന്റെ കഥയുമായി താന്‍ 30 മുതല്‍ 40 ശതമാനം വരെ യോജിക്കുന്നു. ശേഷിക്കുന്ന ഭാഗത്ത് യഥാര്‍ഥ കഥ കഥാകാരന്‍ വളച്ചൊടിക്കുകയാണ്. 30 വര്‍ഷം മുമ്പ് ഹഫര്‍ അല്‍ബാത്തിനില്‍ നടന്ന സംഭവമാണിത്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്ന് എല്ലാവരും ഇന്ത്യന്‍ തൊഴിലാളിയോട് സഹതാപം കാണിച്ചു.
തൊഴിലുടമ ഇന്ത്യക്കാരനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ആടുകള്‍ക്കൊപ്പം തള്ളുകയായിരുന്നു. ശരീഅത്ത് നിയമ പ്രകാരം ഇത് അനുവദനീയമല്ല. അഞ്ചു വര്‍ഷം ജോലി ചെയ്ത ഇന്ത്യക്കാരന് വേതനം നല്‍കാന്‍ തൊഴിലുടമ കൂട്ടാക്കിയില്ല. സ്വദേശത്തേക്ക് തിരിച്ചയക്കണമെന്ന ഇന്ത്യക്കാരന്റെ ആവശ്യവും അയാള്‍ നിരാകരിച്ചു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമിടെ ഇന്ത്യക്കാരന്‍ ഇരുമ്പ് ദണ്ഡെടുത്ത് തൊഴിലുടമയെ അടിക്കുകയും അയാള്‍ മരിക്കുകയുമായിരുന്നു.
സംഭവത്തിനു ശേഷം ഇന്ത്യക്കാരന്‍ ഓടിരക്ഷപ്പെട്ടു. തൊഴിലുടമയുടെ മക്കള്‍ സംഭവത്തെ കുറിച്ച് പോലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. കേസില്‍ ഇന്ത്യക്കാരന്‍ അഞ്ചു വര്‍ഷം ജയില്‍വാസം അനുഭവിച്ചു. കേസില്‍ ഇന്ത്യക്കാരന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഹഫര്‍ അല്‍ബാത്തിന്‍ ഗവര്‍ണറും പൗരപ്രമുഖരും മതപണ്ഡിതരും ഒറ്റക്കെട്ടായി പ്രശ്‌നത്തില്‍ ഇടപെടുകയും 1,70,000 റിയാല്‍ സമാഹരിക്കുകയും ചെയ്തു. ഇവര്‍ കൊല്ലപ്പെട്ടയാളുടെ മക്കളെ സമീപിച്ച് പിതാവ് ഇന്ത്യക്കാരനോട് അനീതി കാണിച്ചതായി പറഞ്ഞ് ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ അപേക്ഷിച്ചു. ദിയാധനം പോലും സ്വീകരിക്കാതെ ദൈവീകപ്രീതി മാത്രം കാംക്ഷിച്ച് ഇന്ത്യക്കാരന് മാപ്പ് നല്‍കാന്‍ സൗദി പൗരന്റെ മക്കള്‍ തയാറായി.
ദിയാധനമായി സമാഹരിച്ച 1,70,000 റിയാല്‍ പിന്നീട് ഇന്ത്യക്കാരന് കൈമാറി. ആ സമയത്ത് ഇന്ത്യക്കാരന്‍ മുസ്‌ലിം ആയിരുന്നില്ല. പണം നല്‍കിയ സൗദി പൗരന്മാരുമായി സംസാരിച്ചപ്പോള്‍ തങ്ങള്‍ മുസ്‌ലിംകളാണെന്ന് അവര്‍ ഇന്ത്യക്കാരനോട് പറഞ്ഞു. തന്റെ തൊഴിലുടമയും മുസ്‌ലിം ആയിരുന്നോയെന്ന തൊഴിലാളിയുടെ അന്വേഷണത്തിന് അയാളും മുസ്‌ലിം ആയിരുന്നെന്നും അയാള്‍ മതകാര്യങ്ങളില്‍ അജ്ഞനായിരുന്നെന്നും അവര്‍ മറുപടി നല്‍കി. ഇതോടെ ഇസ്‌ലാം ആശ്ലേഷിക്കാന്‍ തീരുമാനിച്ച ഇന്ത്യക്കാരന്‍ പിന്നീട് സ്വദേശത്തേക്ക് തിരിച്ചുപോവുകയായിരുന്നു. ഈ കഥയാണ് വളച്ചൊടിച്ച് ആടുജീവിതമെന്ന പേരില്‍ സിനിമ നിര്‍മിച്ചത്. സൗദിയില്‍ ദശലക്ഷണക്കിന് വിദേശികളുണ്ട്. ദൈവത്തെ പ്രസാദിപ്പിക്കുന്ന നിലയിലാണ് അവരോട് സൗദികള്‍ ഇടപെടുന്നതെന്നും അബ്ദുറഹ്മാന്‍ അല്‍ദുവൈലജ് പറഞ്ഞു.