തൃശൂർ- ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും സംബന്ധിച്ചുള്ള ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മുകേഷിന്റെ കാര്യത്തിൽ കോടതി വല്ലതും പറഞ്ഞോ എന്ന് ചോദിച്ച സുരേഷ് ഗോപി, മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ ഗൂഢ താൽപര്യമാണെന്നും ആരോപിച്ചു. മുകേഷിന്റെ കാര്യത്തിൽ കോടതി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയോട് എല്ലാം പറഞ്ഞിരുന്നുവെന്ന നടി മിനു മുനീർ പറഞ്ഞുവല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. സിനിമാ മേഖലയിലെ പ്രശ്നം മാധ്യമങ്ങളുടെ തീറ്റയാണ്. അതുവെച്ചു കാശുണ്ടാക്കിക്കോ. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. മാധ്യമങ്ങൾ ആളുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്. ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ചുവിടുകയാണ്. പരാതി ആരോപണങ്ങളുടെ രൂപത്തിലാണ്. മാധ്യമങ്ങൾ കോടതിയല്ല. മാധ്യമങ്ങൾ ഓരോ ചോദ്യങ്ങൾ ഉന്നയിച്ച് വീണ്ടും വീണ്ടും കുത്തിക്കയറ്റുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.