കൊച്ചി- ബംഗാളി നടി നൽകിയ പരാതിയിൽ കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനും നടനുമായ രഞ്ജിത്തിനെതിരെ കേരള പോലീസ് കേസെടുത്തു. അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാവകുപ്പിലെ 153 പ്രകാരമാണ് കേസെടുത്തത്. കൊച്ചി നോർത്ത് പോലീസാണ് കേസെടുത്തത്.
കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. രഞ്ജിത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
ഇമെയില്‍ മുഖേനയാണ് കൊച്ചി സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അതിക്രമ വിവരം സംവിധായകൻ ജോഷി ജോസഫിനെ അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. സംവിധായകനെതിരെ ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് നടിയുടെ ആവശ്യം. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജി വെച്ചിരുന്നു. പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാനായി തന്നെ ക്ഷണിച്ചിരുന്നു. സിനിമയുടെ ചര്‍ച്ചയ്ക്കാണ് കടവന്ത്രയിലെ ഫ്‌ളാറ്റിലേക്ക് പോയതെന്നും നടി മുമ്പ് പറഞ്ഞിരുന്നു.
ആദ്യം തന്റെ കയ്യില്‍ സ്പര്‍ശിച്ച ശേഷം രഞ്ജിത്ത് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ താന്‍ തടഞ്ഞ ശേഷം അവിടെ നിന്ന് താന്‍ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് പോയെന്നും നടി പറഞ്ഞിരുന്നു. ഈ വിവരങ്ങള്‍ സിനിമയുടെ തിരക്കഥാകൃത്ത് ജോഷി ജോസഫിനെ അറിയിച്ചുവെന്നും തനിക്ക് മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റ് പോലും ലഭിച്ചില്ലെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.