ആടുജീവിതത്തില്‍ വേഷമിട്ടതില്‍ ഖേദിക്കുന്നില്ലെന്ന് താലിബ് അല്‍ബലൂശി
ജിദ്ദ – ആടുജീവിതം സിനിമക്ക് എതിരെ അറബ് ലോകത്തെ സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം കനക്കുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ആടുജീവിതം റിലീസായതുമുതലാണ് അറബ് ലോകം സിനിമ സംബന്ധിച്ച ചർച്ചയിൽ സജീവമായത്. അറബ് രാജ്യങ്ങളെ മോശമായി ചിത്രീകരിച്ചാണ് സിനിമ പുറത്തുവന്നതെന്നാണ് അറബ് ലോകത്തെ പൊതുവികാരം. സൗദി സ്‌പോണ്‍സറുടെ കഥാപാത്രം സൗദി പൗരന്മാരെ മോശമായി ചിത്രീകരിക്കുന്നതായി വ്യാപകമായ വിമര്‍ശനങ്ങളുയർന്നു. സൗദിയില്‍ തൊഴിലന്വേഷിച്ചെത്തി മരുഭൂമിയില്‍ ആടുകളെ മേയ്ച്ച് അടിമ ജീവിതം നയിക്കേണ്ടിവന്ന നജീബ് മുഹമ്മദിന്റെ യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കി ബെന്യാമിന്‍ രചിച്ച, നിരൂപക പ്രശംസ നേടിയ നോവലാണ് ആടുജീവിതം സിനിമക്ക് ഇതിവൃത്തമായത്.
കരുണയില്ലാത്ത മനുഷ്യനായാണ് സിനിമയില്‍ സൗദി സ്‌പോണ്‍സറെ ചിത്രീകരിച്ചിരിക്കുന്നത്. നജീബിന് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച സ്‌പോണ്‍സര്‍, തൊഴിലാളിയെക്കാള്‍ നല്ല രീതിയില്‍ ഒട്ടകങ്ങളെയും ആടുകളെയും പരിചരിച്ചിരുന്നു. സൗദി അറേബ്യയുടെ ചിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണ് സിനിമയെന്ന് വിമര്‍ശിച്ച് സുല്‍ത്താന്‍ അല്‍നാഫഇ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ആണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ല. സൗദികളും ബദുക്കളും ഏറ്റവും ഉദാരമതികളും കരുണയുള്ളവരും ധീരരുമാണെന്ന് സുല്‍ത്താന്‍ അല്‍നാഫഇ പറഞ്ഞു. സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച ചൂടേറിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ഈ പോസ്റ്റ് വഴിവെച്ചു. സിനിമയിലെ വേഷത്തിന്റെ പേരില്‍ ഒമാനി നടനും വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായി.
അതേസമയം, ഏതെങ്കിലും വ്യക്തിയുടെയോ വംശത്തിന്റെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ സിനിമയിലൂടെ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് സിനിമയുടെ സംവിധായകന്‍ ബ്ലസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരുഷനായ ഒരു വ്യക്തിയുടെ ഹൃദയത്തില്‍ പോലും, മനുഷ്യന്റെ മഹത്വത്തെ ഉയര്‍ത്തിക്കാട്ടാന്‍ സിനിമ നിരന്തരം ശ്രമിച്ചു. നജീബിന്റെ ദൈവത്തിലുള്ള വിശ്വാസം ദിവസങ്ങള്‍ കഴിയുന്തോറും ശക്തിപ്രാപിച്ചു. ഇബ്രാഹിം ഖാദ്രിയുടെ രൂപത്തിലാണ് ദൈവം ആദ്യമായി നജീബിന്റെ അടുത്തേക്ക് വന്നത്. പിന്നീട് റോള്‍സ് റോയ്‌സ് കാറുമായി കുലീനയായ അറബിയുടെ വേഷത്തിലും ദൈവം നജീബിന്റെ അടുത്തെത്തി. സിനിമയിലാകെ സ്ഥിരമായി ഈ സന്ദേശം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത് – ബ്ലെസ്സി പറഞ്ഞു.
അറബികളുടെ അനുകമ്പയും സഹാനുഭൂതിയും ചിത്രീകരിക്കാന്‍ സിനിമയില്‍ ശ്രമിച്ചിട്ടുണ്ട്. വിലയേറിയ ലക്ഷ്വറി റോള്‍സ് റോയ്‌സ് കാറിലെത്തി നജീബിനെ രക്ഷിച്ച കുലീനനായ അറബിയുടെ സഹായമില്ലായിരുന്നെങ്കില്‍ നജീബ് റോഡില്‍ മരണപ്പെടുമായിരുന്നു. യാത്രക്കിടെ നജീബിന് ഇദ്ദേഹം വെള്ളം നല്‍കുകയും ഉറങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഹായം കിട്ടിയേക്കാവുന്ന സ്ഥലത്താണ് നജീബിനെ ഇദ്ദേഹം എത്തിച്ചത്. റെസ്റ്റോറന്റ് ജീവനക്കാരും താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തിലെ ആളുകളും ഔട്ട്പാസ് ചെക്ക് പോസ്റ്റിലുള്ളവരും എല്ലാവരെയും ദയ, അനുകമ്പ, സഹാനുഭൂതി എന്നിവയുടെ പ്രതീകങ്ങളായി ചിത്രീകരിപ്പെട്ടു -ബ്ലെസ്സിയുടെ പോസ്റ്റ് പറഞ്ഞു.
ആടുജീവിതത്തില്‍ വേഷമിട്ടതില്‍ ഖേദിക്കുന്നില്ലെന്ന് താലിബ് അല്‍ബലൂശി
ജിദ്ദ – ആടുജീവിതം സിനിമയില്‍ വേഷമിട്ടതില്‍ ഒരിക്കലും ഖേദിക്കുന്നില്ലെന്ന് ഒമാനി നടന്‍ താലിബ് അല്‍ബലൂശി. അടിമത്തത്തിന് സമാനമായ രീതിയില്‍ അത്യന്തം ക്രൂരതയോടെ ഒരു ഇന്ത്യന്‍ തൊഴിലാളിയോട് പെരുമാറുന്ന സൗദി സ്‌പോണ്‍സറുടെ വേഷമായിരുന്നു സിനിമയില്‍ താലിബ് അല്‍ബലൂശിക്ക്. താന്‍ പങ്കെടുത്ത സിനിമ മഹത്തരവും മനോഹരവുമാണെന്ന് ഒമാനിലെ ഹലാ എഫ്.എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബ് അല്‍ബലൂശി പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന നടനായി മാറാനാണ് താന്‍ ആഗ്രഹിക്കുന്നത്. എനിക്ക് 65 വയസ് ആയി. അന്താരാഷ്ട്ര തലത്തില്‍ എത്താന്‍ ആഗ്രഹിക്കാത്ത ഒരു കലാകാരനിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഹോളിവുഡിലെത്തുകയാണ് എന്റെ ലക്ഷ്യം – താലിബ് അല്‍ബലൂശി പറഞ്ഞു. ഇലക്‌ട്രോണിക് ഈച്ചകള്‍ എന്ന് താലിബ് അല്‍ബലൂശി വിശേഷിപ്പിച്ചവര്‍ അവരുടെ വ്യക്തിഗത ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കലാസൃഷ്ടികളെ ചൂഷണം ചെയ്യുന്നതായി നടന്‍ ആരോപിച്ചു. താലിബ് അല്‍ബലൂശി ആടുജീവിതത്തില്‍ അപകീര്‍ത്തിപരമായ വേഷത്തില്‍ അഭിനയിച്ചതിനെ വിമര്‍ശിച്ച് നിരവധി രംഗത്തെത്തിരുന്നു. എന്നാല്‍ ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചു. ഒരു നടനെന്ന നിലയില്‍ തന്റെ ജോലിയുടെ ഭാഗമായ കടമയാണ് താലിബ് അല്‍ബലൂശി നിര്‍വഹിച്ചതെന്ന് ഇവര്‍ പറഞ്ഞു.