ജിസാന്‍ – കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിസാനില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയുമാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതെന്ന് ജിസാന്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിസാന്‍, സ്വബ്‌യ വിദ്യാഭ്യാസ വകുപ്പുകള്‍ക്കു കീഴിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.
മദീനയില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
മദീന – പടിഞ്ഞാറന്‍ മദീനയില്‍ അല്‍ഫഖ്‌റ റോഡില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിവയരെ ഷെവല്‍ ഉപയോഗിച്ച് സൗദി പൗരന്മാര്‍ രക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് 10,000 റിയാല്‍ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്.