അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട സഈദ അല്‍സ്വവാലിഹയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് അഞ്ചു പേര്‍ മരണപ്പെട്ടു. മഹായിലിലെ ആലുഖതാരിശ് അല്‍ബുഹൈഖി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഈദ് അല്‍സഹ്‌റാനിയും മഹായിലിലെ തയ ആലുഈസ സ്‌കൂള്‍ പ്രിന്‍സിപ്പാളായ ഇദ്ദേഹത്തിന്റെ ഭാര്യയും ഇവരുടെ രണ്ടു ആണ്‍മക്കളും ഒരു മകളുമാണ് മരണപ്പെട്ടതെന്ന് അസീര്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. അഞ്ചു മൃതദേഹങ്ങളും അല്‍ബിര്‍ക് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസീര്‍ വിദ്യാഭ്യാസ വകുപ്പ് മേധാവി ഫഹദ് അഖാലാ, മഹായില്‍ വിദ്യാഭ്യാസ വകുപ്പ് മേധാവി അലി ബിന്‍ അഹ്മദ് യൂസുഫ് എന്നിവര്‍ മറ്റു കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ഖുന്‍ഫദക്ക് കിഴക്ക് ഖമീസ് ഹര്‍ബിലെ വാദി അറഫില്‍ കാര്‍ ഒഴുക്കില്‍ പെട്ട് മരിച്ച രണ്ടു പേരുടെ മൃതദേങ്ങള്‍ സിവില്‍ ഡിഫന്‍സ് കണ്ടെത്തി. സൗദി പൗരനും ഒപ്പമുണ്ടായിരുന്ന സുഡാനിയുമാണ് മരിച്ചത്. കാര്‍ ഒഴുക്കില്‍ പെട്ടത് കണ്ട് ഷെവല്‍ ഡ്രൈവര്‍ ഷെവലുമായി എത്തി യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഷെവല്‍ സമീപമെത്തുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് കാര്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ദൂരേക്ക് ഒലിച്ചുപോവുകയായിരുന്നു. സിവില്‍ ഡിഫന്‍സും പോലീസും സബ്തല്‍ജാറ ബലദിയയും വളണ്ടിയര്‍മാരും നടത്തിയ ശക്തമായ തിരച്ചിലുകളില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.