കയ്റോ – ഈജിപ്തില്‍ കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷനിലൂടെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. ഗര്‍ബിയ ഗവര്‍ണറേറ്റിലെ തന്‍താ യൂനിവേഴ്‌സിറ്റി ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലാണ് 45 കാരന്‍ കലശലായ വയറു വേദനയുമായി എത്തിയത്. അഞ്ചു മാസമായി വയറു വേദന അനുഭവപ്പെടുന്നതായി യുവാവ് ഡോക്ടറെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ വയറിനകത്ത് സംശയകരമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി ഓപ്പറേഷന്‍ നടത്തുകയായിരുന്നു.
എന്‍ഡോസ്‌കോപ്പിക് ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോഴാണ് ഇത് മൊബൈല്‍ ഫോണ്‍ ആണെന്ന് വ്യക്തമായത്. അബദ്ധത്തില്‍ ഫോണ്‍ വിഴങ്ങുകയായിരുന്നെന്ന് ഓപ്പറേഷനു ശേഷം രോഗി പറഞ്ഞു. ഇത്രയും വലിയ മൊബൈല്‍ ഫോണ്‍ എങ്ങിനെ രോഗി അബദ്ധത്തില്‍ വിഴുങ്ങുമെന്ന് വിശദീകരിക്കാന്‍ രോഗിക്കോ മെഡിക്കല്‍ സംഘത്തിനോ സാധിച്ചില്ല.