ദമാം – ദമാമില്‍ ലേബര്‍ ക്യാമ്പുകളില്‍ അശ്ശര്‍ഖിയ നഗരസഭയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ച് നടത്തിയ ശക്തമായ പരിശോധനകളില്‍ 22 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. പരിസ്ഥിതി ആരോഗ്യ വകുപ്പ്, സെന്‍ട്രല്‍ ദമാം ബലദിയ, ഈസ്റ്റ് ദമാം ബലദിയ, വെസ്റ്റ് ദമാം ബലദിയ, ആരോഗ്യ മന്ത്രാലയം, പോലീസ്, ലേബര്‍ ഓഫീസ് എന്നിവ സഹകരിച്ചാണ് ലേബര്‍ ക്യാമ്പുകളില്‍ പരിശോധനകള്‍ നടത്തിയത്.
ലേബര്‍ ക്യാമ്പുകളില്‍ നിയമ ലംഘനങ്ങള്‍ പൂര്‍ണമായും അവസാപ്പിക്കുന്നതു വരെ പരിശോധനകള്‍ തുടരുമെന്ന് റെയ്ഡ് സൂപ്പര്‍വൈസറും ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്ന സംയുക്ത കമ്മിറ്റിയിലെ നഗരസഭാ പ്രതിനിധിയുമായ സാമി അല്‍അനസി പറഞ്ഞു.
എട്ടു ദിവസത്തിനിടെ നിരവധി കമ്പനികളുടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധനകള്‍ നടത്തി. മുഴുവന്‍ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാന്‍ ലേബര്‍ ക്യാമ്പുകളെ നിര്‍ബന്ധിക്കാനും ലേബര്‍ ക്യാമ്പുകളുടെ പദവി ശരിയാക്കാനും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനകള്‍ നടത്തുന്നത്. ലേബര്‍ ക്യാമ്പുകളുടെ ലൈസന്‍സ് കാലാവധി അവസാനിക്കല്‍, താമസസ്ഥലങ്ങളിലെ മോശം ശുചീകരണ നിലവാരം, പരിധിയില്‍ കൂടുതല്‍ തൊഴിലാളികള്‍ താമസിക്കല്‍, വ്യവസ്ഥകള്‍ പൂര്‍ണമല്ലാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ക്യാമ്പുകളില്‍ കണ്ടെത്തിയതെന്നും സാമി അല്‍അനസി പറഞ്ഞു.