ജിദ്ദ – കഴിഞ്ഞയാഴ്ച സൗദി മന്ത്രിസഭ അംഗീകരിച്ച സംഭാവന ശേഖരണ നിയമം ചട്ടവിരുദ്ധമായി സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ വ്യക്തമാക്കി. നിയമ വിരുദ്ധമായി സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തും. നിയമ വിരുദ്ധമായി സംഭാവനകള്‍ ശേഖരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും അഞ്ചു ലക്ഷം റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പത്തു ലക്ഷം റിയാല്‍ പിഴ ചുമത്തും.
പ്രത്യേകം ശിക്ഷകള്‍ നിര്‍ണയിക്കാത്ത, നിയമത്തിലെ ഏതെങ്കിലും വകുപ്പുകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. സംഭാവനകള്‍ ശേഖരിക്കാന്‍ ലൈസന്‍സില്ലാത്ത സന്നദ്ധ സംഘടനകളുടെയും ഫൗണ്ടേഷനുകളുടെയും മറ്റും ധനസമാഹരണ കാമ്പയിനുകളെ കുറിച്ച് പരസ്യം ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവര്‍ത്തുന്ന മാധ്യമങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ശേഖരിക്കുന്ന സംഭാവനകള്‍ നിയമം അനുശാസിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും.
സൗദിയില്‍ സംഭാവനകള്‍ ശേഖരിക്കാന്‍ ലൈസന്‍സുള്ള സന്നദ്ധ സംഘടനകളും ഫൗണ്ടേഷനുകളും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളും സംഭാവനകള്‍ പണമായി സ്വീകരിക്കുന്നത് നിയമം വിലക്കുന്നു. അക്കൗണ്ടുകളില്‍ നേരിട്ട് നടത്തുന്ന ഡെപ്പോസിറ്റുകളിലൂടെ മാത്രമാണ് സന്നദ്ധ സംഘടനകള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങള്‍ക്കും സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതിയുള്ളത്. നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടറിന്റെ അനുമതി നേടാതെ സന്നദ്ധ സംഘടനകളും ഫൗണ്ടേഷനുകളും വിദേശങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനും വിലക്കുണ്ട്.
സന്നദ്ധ സംഘടനകളുടെയും ഫൗണ്ടേഷനുകളുടെയും മെയിന്‍ ആസ്ഥാനങ്ങളും ശാഖകളും സംഭാവനകള്‍ ശേഖരിക്കാന്‍ പ്രത്യേകം ലൈസന്‍സ് നേടിയ സ്ഥലങ്ങളും വഴി പണമൊഴികെയുള്ള (റിലീഫ്) വസ്തുക്കള്‍ സംഭാവനയായി സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നു. ഇങ്ങിനെ സ്വീകരിക്കുന്ന സംഭാവനകള്‍ സീരിയല്‍ നമ്പറുള്ള രസീതികളില്‍ രേഖപ്പെടുത്തുകയും ഇതിന്റെ കോപ്പി ദാതാവിന് നല്‍കുകയും വേണം.
സംഭാവന ശേഖരണ യജ്ഞം ആരംഭിക്കുന്നതിനു മുമ്പായി സംഭാവനകള്‍ ശേഖരിക്കാനുള്ള ലൈസന്‍സിന് നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടറിനോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ സന്നദ്ധ സംഘടനകളും ഫൗണ്ടേഷനുകളും അപേക്ഷ സമര്‍പ്പിക്കണം. സംഭാവന ശേഖരണ യജ്ഞത്തിന്റെ ലക്ഷ്യം, കാമ്പയിന്‍ തുടങ്ങുന്ന തീയതി, അവസാനിക്കുന്ന തീയതി, ശേഖരിക്കാന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയെല്ലാം അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അവ പഠിച്ച് തീരുമാനമെടുക്കും.
സംഭാവന ശേഖരണത്തിനായി പ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കുന്നത് നിയമം വിലക്കുന്നു. മാധ്യമങ്ങള്‍, പ്രാദേശിക ടെലികോം കമ്പനികള്‍, ബില്‍ബോര്‍ഡുകള്‍, യൂട്ടിലിറ്റി സര്‍വീസ് ബില്ലുകള്‍, സാമൂഹികമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവ വഴി മാത്രമാണ് സംഭാവനകള്‍ക്ക് ആഹ്വാനം ചെയ്ത് പരസ്യം ചെയ്യാന്‍ അനുമതിയുള്ളത്. സംഭാവന ശേഖരണത്തിനുള്ള ലൈസന്‍സ് നമ്പര്‍, അക്കൗണ്ട് നമ്പര്‍, സന്നദ്ധ സംഘടനയുടെ വിലാസം, ശാഖകള്‍, ഫോണ്‍ നമ്പറുകള്‍, സംഭാവന ശേഖരണ ഉദ്ദേശ്യത്തെ കുറിച്ച വിവരങ്ങള്‍ എന്നിവ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇത് ലംഘിക്കുന്ന സംഘടനകള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും രണ്ടു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നാലു ലക്ഷം റിയാല്‍ പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം നടത്തുന്ന സന്നദ്ധ സംഘടനകളുടെയും ഫൗണ്ടേഷനുകളുടെയും ലൈസന്‍സുകള്‍ റദ്ദാക്കും.
നിശ്ചിത കാലയളവ് അവസാനിക്കുമ്പോഴോ ലക്ഷ്യമിട്ട തുക പൂര്‍ത്തിയാകുമ്പോഴോ സംഭാവന സമാഹരണ കാമ്പയിന്‍ നിര്‍ത്തണമെന്ന് നിയമം അനുശാസിക്കുന്നു. സംഭാവന സമാഹരണ കാമ്പയിന്‍ അവസാനിച്ച് 15 ദിവസത്തിനകം സ്വീകരിച്ച പണവും മറ്റു വസ്തുക്കളും വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ടും ബാങ്ക് സ്‌റ്റേറ്റ്‌മെന്റും സമര്‍പ്പിക്കലും നിര്‍ബന്ധമാണ്.
ഏതു ലക്ഷ്യത്തോടെയാണോ ശേഖരിക്കുന്നതെങ്കില്‍ അതിന് നിരക്കാത്ത നിലക്ക് സംഭാവനകള്‍ വകമാറി ചെലവഴിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടറിന്റെ അനുമതി നിര്‍ബന്ധമാണ്. നിയമ വിരുദ്ധമായി സംഭാവനകള്‍ ശേഖരിക്കുന്ന ഏജന്‍സികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടറിനും പബ്ലിക് പ്രോസിക്യൂഷനും ദേശീയ സുരക്ഷാ ഏജന്‍സിക്കും അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.