മദീന – കനത്ത മഴക്കൊപ്പം വീശിയടിച്ച കൊടുങ്കാറ്റില്‍ മദീനയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. കുഡു റെസ്‌റ്റോറന്റിനു മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ ബില്‍ബോര്‍ഡ് സ്ഥാപനത്തിനു മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്കു മുകളിലേക്ക് പതിച്ച് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നഗരത്തില്‍ മറ്റൊരിടത്ത് എ.ടി.എം മെഷീനു മുകളില്‍ സ്ഥാപിച്ച മേല്‍ക്കൂര കാറ്റില്‍ നിലംപൊത്തിയും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മദീന ഹറമൈന്‍ റെയില്‍വെ സ്റ്റേഷനു മുന്നില്‍ ഡസന്‍ കണക്കിന് കാറുകള്‍ വെള്ളത്തില്‍ മുങ്ങി. ഹറമൈന്‍ റെയില്‍വെ സ്റ്റേഷനു സമീപം കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ വെള്ളം കയറിയാണ് കാറുകള്‍ വെള്ളത്തിലായത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നഗരത്തില്‍ വേറൊരിടത്ത് കെട്ടിടത്തിനു മുകളില്‍ നിന്ന് കൂറ്റന്‍ തകരഷീറ്റ് കാറ്റില്‍ നിലംപതിച്ചു. ഇവിടെ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശക്തമായ കാറ്റിനിടെ യുവാവ് റോഡില്‍ നിന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറി നിമിഷങ്ങള്‍ക്കകമാണ് തകരഷീറ്റ് നിലംപതിച്ചത്.
ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ തകരഷീറ്റ് യുവാവിനു മേല്‍ പതിക്കുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമീപത്തെ കെട്ടിടത്തിലെ താമസക്കാരന്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. കനത്ത മഴക്കും കൊടുങ്കാറ്റിനുമാണ് മദീന വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്.