കൊച്ചി: മരണവീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്കോ നഗർ സ്വദേശിനി റിൻസി(29)യാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 19ന് രാവിലെ പെരുമ്പാവൂർ ഒക്കലിലെ ഒരു മരണവീട്ടിൽ വച്ചാണ് മോഷണമുണ്ടായത്. പൗലോസ് എന്നയാളുടെ മാതാവിന്റെ മരണാന്തര ചടങ്ങിനെത്തിയതായിരുന്നു റിൻസി. പൗലോസിന്റെ സഹോദര ഭാര്യ ലിസ കട്ടിലിന് അടിയിൽ സൂക്ഷിച്ച ബാഗിൽനിന്ന് 90 കുവൈത്ത് ദിനാറും 45 ഗ്രാം സ്വർണവും യുവതി തന്ത്രപൂർവം കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.
പിന്നീട് സംസ്കാര ചടങ്ങുകൾക്കു ശേഷമാണ് പണവും സ്വർണവും മോഷണം പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതിയെ പിടികിട്ടി. തുടർന്ന് കൊച്ചിയിൽ വെച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ സാധനങ്ങളും പ്രതിയിൽനിന്ന് പിടിച്ചെടുത്തു. യുവതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.